വര്‍ണ വിസ്മയം; ഇതാ പുതിയ പ്രഭാതം
text_fieldsദുബൈ: അഡ്രസ് ഹോട്ടലിലെ തീപ്പിടത്തം പൊലിമ കുറക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തെങ്കിലും ദുബൈയുടെ പുതുവല്‍സര ആഘോഷങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടന്നു. അപകടമുണ്ടായ പ്രദേശമായ ബുര്‍ജ് ഖലീഫയിലും ബുര്‍ജുല്‍ അറബിലും ജുമൈറ ബീച്ച് റസിഡന്‍സിലും ഗ്ലോബല്‍ വില്ലേജിലും വെടിക്കെട്ടും സംഗീത വിരുന്നും ലേസര്‍ ഷോയും മറ്റും ആഘോഷപൂര്‍വം നടന്നു. എല്ലായിടത്തും ലക്ഷ കണക്കിനാളുകളാണ് തടിച്ചുകൂടിയത്. യു.എ.ഇക്ക് അകത്തുനിന്നും പുറത്തുനിന്നും വലിയതോതിലാണ് ആളുകള്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ദുബൈയിലേക്ക് ഒഴുകിയത്.
വൈകിട്ട് ആറു മണിയോടെ തന്നെ ബുര്‍ജ് ഖലീഫയും പരിസരവും ജനനിബിഡമായിരുന്നു. പ്രധാന റോഡുകളിലെല്ലാം പൊലീസ് ഗതാഗതം നിയന്ത്രിച്ചു. ബുര്‍ജ് ഖലീഫ മെട്രോ സ്റ്റേഷന്‍ രാത്രി പത്തു മണിക്ക് തന്നെ അടച്ചു. സമീപത്തെ സ്റ്റേഷനുകളില്‍ വണ്ടിയിറങ്ങി ജനക്കൂട്ടം മുഖ്യ വേദി ലക്ഷ്യമാക്കി നടക്കുകയായിരുന്നു. ആര്‍.ടി.എ നേരത്തെ പ്രഖ്യാപിച്ച പോലെ കാറുകള്‍ക്ക് അനുവദിച്ച പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിന്ന് സൗജന്യ ഷട്ടില്‍ ബസ് സര്‍വീസ് ഉണ്ടായിരുന്നു.
രാത്രി ഒമ്പതരയോടെ ഉണ്ടായ തീപിടിത്തം കാരണം ബുര്‍ജ് ഖലീഫയിലെ ആഘോഷങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് പലരും സംശയിച്ചെങ്കിലും 11 മണിയോടെ അധികൃതര്‍ നയം വ്യക്തമാക്കി. പുതുവല്‍സരത്തെ ബുര്‍ജ് ഖലീഫയും ദുബൈയും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ വരവേല്‍ക്കുമെന്ന്. അതോടെ ജനം പിരിഞ്ഞു പോകാതെ കാത്തുനിന്നു. ആറു മാസം സമയമെടുത്ത് നൂറിലേറെ വിദഗ്ധര്‍ രാപ്പകല്‍ അധ്വാനിച്ചത് വെറുതെയായില്ല. ജനലക്ഷങ്ങളുടെ കാത്തിരിപ്പും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
