ഷാര്‍ജയില്‍ അഞ്ചു നടപ്പാലങ്ങള്‍ നിര്‍മിക്കാന്‍ അനുമതി
text_fieldsഷാര്‍ജ: ജനസാന്ദ്രത കൂടിയ ഇടങ്ങളിലെ പ്രധാന പാതകളില്‍ അഞ്ച് നടപ്പാലങ്ങള്‍ നിര്‍മിക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമി അനുമതി നല്‍കി.
ഷാര്‍ജ നഗര ആസൂത്രണ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദികരിച്ചത്.
അല്‍ ഇത്തിഹാദ് റോഡ്, അല്‍ താവൂന്‍, കിങ് ഫൈസല്‍. കിങ് അബ്ദുല്‍ അസീസ് റോഡ് എന്നിവിടങ്ങളിലാണ് നടപ്പാലങ്ങള്‍ നിര്‍മിക്കുക. പാലങ്ങളില്‍ എലവേറ്ററുകളും പ്രത്യേക സംരക്ഷണം ആവശ്യമുള്ളവര്‍ക്കുള്ള സംവിധാനങ്ങളും ഒരുക്കും. നഗര ആസൂത്രണ വിഭാഗവും ഗതാഗത വിഭാഗവും സംയുക്തമായിട്ടാണ് നിര്‍മാണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. എമിറേറ്റിലെ സ്വദേശികള്‍ക്കും മറ്റും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയും റോഡുകളെ അപകട മുക്തമാക്കുകയുമാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഖാലിദ് പറഞ്ഞു.
ഷാര്‍ജയിലെ ഏറ്റവും അപകടം പിടിച്ച പാതയാണ് അല്‍ ഇത്തിഹാദ് റോഡ്. നിരവധി പേരാണ് ഇവിടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനമിടിച്ച് മരിച്ചത്. അന്‍സാര്‍, സഫീര്‍ മാളുകള്‍ക്കിടയിലാണ് പ്രധാനമായും അപകടങ്ങള്‍ നടക്കാറുള്ളത്. അല്‍ക്കാന്‍ പാലം കഴിഞ്ഞാല്‍ ഭൂഗര്‍ഭ നടപാതകളുള്ളതിനാല്‍ ഇവിടെ അപകട രഹിതമാണ്. അല്‍ ഇത്തിഹാദ് റോഡില്‍ നടപ്പാലം വരുന്നതോടെ അല്‍ താവൂനുമായി അല്‍ നഹ്ദയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാനാകും.
കടലോരം, ഉദ്യാനം, എക്സ്പോ സെന്‍റര്‍, ട്രേഡ് സെന്‍റര്‍ എന്നിവയെല്ലാം അല്‍ താവൂന്‍ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അല്‍ നഹ്ദയിലാവട്ടെ ഷാര്‍ജയിലെ പ്രധാന മാളുകളും ഭക്ഷണ ശാലകളും പ്രവര്‍ത്തിക്കുന്നു. കാല്‍നടയായി അല്‍ താവൂനില്‍ നിന്ന് ദുബൈ ഖിസൈസ് ഭാഗത്തേക്ക് പോകുന്നവര്‍ക്ക് നടപ്പാലം തുണയാകും.
കിങ് ഫൈസല്‍, കിങ് അബ്ദുല്‍, അസീസ്, അല്‍ താവൂന്‍ മേഖലകളും റോഡപടകങ്ങള്‍ കൂടിയ മേഖലയാണ്. സര്‍ക്കാര്‍ കാര്യാലയങ്ങളും മ്യുസിയങ്ങളും ഉദ്യാനങ്ങളും കച്ചവട കേന്ദ്രങ്ങളും കേന്ദ്രീകരിക്കുന്ന മേഖലകളാണിത്.
നടപ്പാലങ്ങള്‍ വരുന്നതോടെ റോഡിലെ അപകട മരണങ്ങള്‍ കുറക്കാനാകും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഷാര്‍ജയിലെ പ്രധാന പാതകള്‍ മുറിച്ചോടുന്നതിനിടയില്‍ മരണപ്പെട്ടിട്ടുള്ളത്. ഇത്തരം റോഡുകളില്‍ നടന്ന് പോകല്‍ ഒരിക്കലും സാധ്യമല്ല.
രണ്ടും കല്‍പ്പിച്ചുള്ള ഓട്ടം ഈ റോഡുകളിലെ സ്ഥിരം കാഴ്ച്ചയാണ്. നടപ്പാലങ്ങളില്‍ ഷാര്‍ജയുടെ സാംസ്കാരികമായ അടയാളങ്ങളും മാതൃകകളും സ്ഥാനം പിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.