അബൂദബിയിലെ 37 ശതമാനം താമസകേന്ദ്രങ്ങളും കാലി; വാടകയില്‍ അഞ്ച് ശതമാനം വര്‍ധന
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലെ മൊത്തം താമസ കേന്ദ്രങ്ങളില്‍ 37 ശതമാനവും ഒഴിഞ്ഞുകിടക്കുന്നു. ഇവ വാടകക്കെടുക്കാനോ വാങ്ങാനോ ആളുകള്‍ തയാറായിട്ടില്ല. 2015ലെ കണക്കുപ്രകാരമാണ് ഇത്രയും താമസ കേന്ദ്രങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നതെന്ന് എമിറേറ്റ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മുനിസിപ്പല്‍ അഫയേഴ്സ് (ഡി.എം.എ) വക്താവ് പറഞ്ഞു.
2020ഓടെ ഒഴിഞ്ഞുകിടക്കുന്ന താമസ കേന്ദ്രങ്ങള്‍ എട്ട് ശതമാനമാക്കി കുറക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഡി.എം.എ ലാന്‍റ് ആന്‍റ് പ്രോപ്പര്‍ട്ടി മാനേജ്മെന്‍റ് മേഖല എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ ബലൂഷി പറഞ്ഞു. 2020ന് ശേഷം ഇത് എട്ടില്‍ താഴെ ശതമാനമാക്കാനും ശ്രമിക്കും. അതേസമയം, ഏതാനും വര്‍ഷങ്ങളായി അബൂദബിയില്‍ വാടകയും വിലയും വര്‍ധിക്കുന്നുണ്ട്. 2015ല്‍ വാടകയില്‍ ശരാശരി അഞ്ച് ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലെ അപ്പാര്‍ട്ട്മെന്‍റുകളുടെ വാടക പത്ത് ശതമാനവും ഉയര്‍ന്നിട്ടുണ്ട്. അപ്പാര്‍ട്ട്മെന്‍റ് വില്‍പനയില്‍ മൂന്ന്- നാല് ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റിയല്‍ എസ്റ്റേറ്റ് സേവന സ്ഥാപനമായ അസ്റ്റെകോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എമിറേറ്റിലെ പുതിയ പ്രോപ്പര്‍ട്ടി നിയമം സംബന്ധിച്ച് അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുന്നതിനിടെയാണ് അബ്ദുല്ല അല്‍ ബലൂഷി ഇക്കാര്യം വ്യക്തമാക്കിയത്. 2016 ജനുവരിയില്‍ നിലവില്‍ വന്ന പുതിയ നിയമം റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്‍െറ വികസനത്തിനും നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും സഹായകമാകുമെന്ന് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുബാറക്ക് അല്‍ അമീരി പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിയന്ത്രണം കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമം ബ്രോക്കര്‍മാര്‍ക്ക് അടക്കം പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമത്തിലെ നിബന്ധനകള്‍ പാലിക്കാന്‍ തയാറായില്ളെങ്കില്‍ 75 ശതമാനം ബ്രോക്കര്‍മാരും റിയല്‍ എസ്റ്റേറ്റ് മേഖല ഒഴിവാക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.