ദര്‍ശനോത്സവം നാളെ: പാരമ്പര്യം മാപ്പിളപ്പാട്ടിന്‍െറ കരുത്ത്-കെ.എസ്.ചിത്ര
text_fieldsദുബൈ: പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ് മാപ്പിളപ്പാട്ടിന്‍െറ ജനപ്രിയതക്ക് കാരണമെന്ന് പ്രമുഖ ഗായിക കെ.എസ്.ചിത്ര. എം.എസ്. ബാബുരാജും മാറ്റും കല്യാണവീടുകളില്‍ ഒത്തിരുന്ന് പാടിയ പാരമ്പര്യം കൈമോശം വരാതെ സൂക്ഷിക്കാന്‍ ഈ ഗാനശാഖക്ക് സാധിക്കുന്നുണ്ട്. ഉച്ചാരണത്തിനും വരികള്‍ക്കും മാപ്പിളപ്പാട്ടില്‍ ഏറെ പ്രാധാന്യമുണ്ട്. വിവിധ ചാനലുകളില്‍ നടക്കുന്ന റിയാലിറ്റി ഷോകളില്‍ പുതിയ തലമുറ വൈവിധ്യമാര്‍ന്ന പാട്ടുകള്‍ അവതരിപ്പിക്കുന്നത് കാണുമ്പോള്‍ മാപ്പിളപ്പാട്ടിന് ഇനിയും ഏറെകാലം മുന്നോട്ടുപോകാനാകുമെന്ന് ഉറപ്പാണെന്ന് അവര്‍ പറഞ്ഞു. ദര്‍ശന ടി.വിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘ദര്‍ശനോത്സവം 2016’ പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ സംഘാടകര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 ന് വ്യാഴാഴ്ച ഏഴു മണി മുതല്‍ ദുബൈ അല്‍ നാസര്‍ ലീഷര്‍ ലാന്‍റിലാണ് ദര്‍ശനോത്സവം നടക്കുകയെന്ന് ദര്‍ശന ടി.വി ഡയറക്ടര്‍ പി.കെ. അന്‍വര്‍ നഹ പറഞ്ഞു.
വടകര കൃഷ്ണദാസ്, എം.കുഞ്ഞിമൂസ, കോഴിക്കോട് അബൂബക്കര്‍, എരഞ്ഞോളി മൂസ, വി.എം. കുട്ടി, ബാപ്പു വെളളിപറമ്പ്, ഒ.എം. കരുവാരക്കുണ്ട്, റംലാ ബീഗം, വിളയില്‍ ഫസീല എന്നിവരെ ചടങ്ങില്‍ ആദരിക്കും.
പ്രമുഖ ഗായിക കെ.എസ്.ചിത്രയും ദര്‍ശനോത്സവ വേദിയില്‍ ആദരിക്കപ്പെടും. ചിത്രക്കൊപ്പം വിജയ് യേശുദാസ്, കെ.ജി.മാര്‍ക്കോസ്, ഗോപി സുന്ദര്‍, അഫ്സല്‍, സിന്ധു പ്രേംകുമാര്‍ തുടങ്ങിയവര്‍ ഒരുക്കുന്ന സംഗീതനിശയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ദൃശ്യസംഗീത ശില്‍പങ്ങളിലൂടെ മാപ്പിളപ്പാട്ടിന്‍െറ ചരിത്രവും വര്‍ത്തമാനവും വേദിയില്‍ നിറയും. സാജു നവോദയയും മനോജ് ഗിന്നസും കോമഡി സ്കിറ്റുകളൊരുക്കും.
മലയാള ചലച്ചിത്ര രംഗത്തെ 50 ഓളം സംഗീത പ്രതിഭകള്‍ ഒന്നിച്ചണിനിരക്കുന്ന 12 മിനിട്ട് നീളുന്ന ടൈറ്റില്‍ ഗാനത്തോടെയായിരിക്കും ദര്‍ശനോത്സവം ആരംഭിക്കുക. യുസഫ് ലെന്‍സ്മാനാണ്ഷോ സംവിധായകന്‍. പ്രവേശം പ്രത്യേക പാസ് മുഖേന നിയന്ത്രിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ദര്‍ശന ടി.വി. മാനേജര്‍ മുഹമ്മദ് ഷരീഫ്, അഡ്വ. നാസിയ ഷബീര്‍, ലുലു റീജ്യണല്‍ ഡയറക്ടര്‍ ജയിംസ് വര്‍ഗീസ്, മന്‍സൂര്‍, സാജിദ് അരോമ, സനല്‍പോറ്റി, ആര്‍.ജെ വൈശാഖ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.