ഇത്തിഹാദിലും ജെറ്റിലുമായി യാത്ര ചെയ്തത് 33 ലക്ഷം പേര്‍; റെക്കോഡ് വളര്‍ച്ച
text_fieldsഅബൂദബി: യു.എ.ഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസും പങ്കാളിയായ ജെറ്റ് എയര്‍വേസും ചേര്‍ന്ന് ഒരു വര്‍ഷത്തിനിടെ കൊണ്ടുപോയത് റെക്കോഡ് യാത്രക്കാരെ. അബൂദബിയിലെയും ഇന്ത്യയിലെ വിവിധ നഗരങ്ങളെയും ബന്ധിപ്പിച്ച് നടത്തുന്ന സര്‍വീസുകളിലാണ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായത്. ഇരു വിമാന കമ്പനികളിലുമായി 33 ലക്ഷം പേരാണ് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഒരു വര്‍ഷം മുമ്പ് 20 ലക്ഷം യാത്രികരാണ് ഉണ്ടായിരുന്നത്.
ഇന്ത്യന്‍ വിമാന കമ്പനിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങള്‍ അനുസരിച്ച് ആദ്യമായി നിക്ഷേപം നടത്തിയ സ്ഥാപനമാണ് ഇത്തിഹാദ് എയര്‍വേസ്. 750 ദശലക്ഷം ഡോളര്‍ ചെലവിട്ട് ജെറ്റ് എയര്‍വേസിന്‍െറ 24 ശതമാനം ഓഹരികളാണ് ഇത്തിഹാദ് സ്വന്തമാക്കിയത്. അബൂദബിയില്‍ നിന്ന് ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്ക് ആഴ്ചയില്‍ 175 സര്‍വീസുകളാണ് ഇത്തിഹാദ് മാത്രം നടത്തുന്നത്.
ഇത്തിഹാദും ജെറ്റും ചേര്‍ന്ന് അബൂദബിയില്‍ നിന്ന് 15 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 250 സര്‍വീസും നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നും തിരിച്ച് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കുമുള്ള യാത്രികരില്‍ 20 ശതമാനവും ഈ രണ്ട് കമ്പനികളെയാണ് തെരഞ്ഞെടുക്കുന്നത്. ചരക്കു ഗതാഗതത്തിലും ഇത്തിഹാദ് നിര്‍ണായക സ്ഥാനമാണ് വഹിക്കുന്നത്. നാല് ഇന്ത്യന്‍ നഗരങ്ങളെയും അബൂദബിയെയും ബന്ധിപ്പിച്ച് ആഴ്ചയില്‍ 14 ചരക്കുവിമാനങ്ങളാണ് സഞ്ചരിക്കുന്നത്. പ്രതിവര്‍ഷം 1.2 ലക്ഷം ടണ്‍ ചരക്കാണ് ഇവ കൈകാര്യം ചെയ്യുന്നത്.
അബൂദബിക്കും ഇന്ത്യന്‍ നഗരങ്ങള്‍ക്കും ഇടയില്‍ ആഴ്ചയില്‍ 44000 യാത്രികരെ കൊണ്ടുപോകുന്നതിനുള്ള ശേഷിയാണ് ഇരു വിമാന കമ്പനികള്‍ക്കും കൂടിയുള്ളതെന്ന് ഇത്തിഹാദ് എയര്‍വേസ് പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജെയിംസ് ഹോഗന്‍ പറഞ്ഞു. ഇന്ത്യയുടെ വിജയ കഥയില്‍ പങ്കാളിയാകുന്നതിന്‍െറ ഭാഗമായാണ് ജെറ്റ് എയര്‍വേസില്‍ നിക്ഷേപം നടത്തിയത്. ജെറ്റ് എയര്‍വേസിന്‍െറ പങ്കാളിത്തത്തിലൂടെ ഇന്ത്യയിലേക്കുള്ള യാത്രികരില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്.
ഇരു വിമാന കമ്പനികളും തമ്മിലെ പങ്കാളിത്തത്തിന് മുമ്പ് ഇന്ത്യയില്‍ നിന്ന് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്രികരുടെ രണ്ട് ശതമാനം മാത്രമാണ് ഇത്തിഹാദിന് ഉണ്ടായിരുന്നത്. ഇതില്‍ വലിയ വര്‍ധനയുണ്ടായി. ഇതോടൊപ്പം ജെറ്റ് എയര്‍വേസിനെ ലാഭത്തിലേക്ക് തിരിച്ചത്തെിക്കാന്‍ സഹായിക്കാനും സാധിച്ചു. ഇന്ന് വരുമാനത്തിന്‍െറയും യാത്രികരുടെയും എണ്ണത്തില്‍ ഇത്തിഹാദിന്‍െറ ഏറ്റവും മികച്ച പങ്കാളി ജെറ്റ് എയര്‍വേസ് ആണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.