ഖോര്‍ഫക്കാനിലും ഫുജൈറയിലും മഴയും ആലിപ്പഴ വര്‍ഷവും
text_fieldsഷാര്‍ജ: കടലോര മേഖലകളായ ഖോര്‍ഫക്കാനിലും ഫുജൈറയിലും ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷമാണ് മഴ തുടങ്ങിയത്. ഏറെ നേരം ചാറി നിന്ന മഴ പെരുമഴക്ക് വഴി മാറുകയായിരുന്നു. ഖോര്‍ഫക്കാനിലാണ് ശക്തമായ മഴ പെയ്തത്. ഇടിയും മിന്നലും കൂടെ ഉണ്ടായിരുന്നു.
മഴയോടൊപ്പം ചിതറി വീണ ആലിപ്പഴം പ്രദേശവാസികള്‍ക്ക് ആവേശം പകര്‍ന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കെട്ടി നിന്നത് ഗതാഗത സംവിധാനത്തെ ബാധിച്ചു. റോഡുകളില്‍ നിരനിരയായി വാഹനങ്ങള്‍ കിടക്കുന്നത് കാണാമായിരുന്നു. സ്കൂള്‍ ബസുകളായിരുന്നു നിരത്തിലധികവും. ഏറെ വൈകിയാണ് കുട്ടികള്‍ വീടുകളിലത്തെിയത്.
മഴയെ തുടര്‍ന്ന് ഖോര്‍ഫക്കാന്‍ തീരം വിജനമായി. പട്ടണങ്ങളില്‍ സന്ദര്‍ശകരെ കാണാനേ ഇല്ലായിരുന്നു. ചില സ്ഥാപനങ്ങളുടെ അകത്തേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചു. മഴയെ തുടര്‍ന്ന് അപകടങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ പ്രദേശത്ത് നിരീക്ഷണത്തിന് നിയമിച്ചിരുന്നു. ആലിപ്പഴം വീണ് ചിലഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. വൈകുന്നേരം നാലരയോടെ മഴ നിലച്ചെങ്കിലും തുടര്‍ന്നും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അന്തരീക്ഷത്തിലെ അടയാളങ്ങള്‍ സൂചിപ്പിക്കുന്നത്. റോഡിലും പറമ്പിലും വെള്ളം കെട്ടി നിന്നത് കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരമായി. ഫുജൈറയില്‍ നേരിയ ഭൂചലനവും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. മഴ ശക്തമായിരുന്നില്ല. എന്നാല്‍ പലഭാഗത്തും ശക്തമായ ആലിപ്പഴ വര്‍ഷമാണ് നടന്നതെന്ന് ഇവിടെയുള്ള പൊന്നാനി സ്വദേശി മുജീബ് പറഞ്ഞു.
അന്തരീക്ഷം മേഘാവൃതമായി തുടരുന്നത് തുടര്‍ന്നും മഴ ലഭിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. അസ്ഥിര കാലവസ്ഥ ശക്തിപ്പെട്ടതോടെ കടലും പ്രക്ഷുബ്ധമാണ്. കൂറ്റന്‍ തിരമാലകളാണ് കടലില്‍ കാണപ്പെടുന്നത്. കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
