കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സഹോദരനും അറസ്റ്റില്‍
text_fieldsഅബൂദബി: സര്‍ക്കാറുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിയമ വിരുദ്ധമായി നടത്തുകയും കൈക്കൂലി വാങ്ങുകയും ചെയ്ത കേസില്‍ രണ്ട് പേരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു.
അല്‍ഐനിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇന്‍സ്പെക്ടറും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന സഹോദരനുമാണ് പിടിയിലായത്. ഇരുവരും അറബ് വംശജരാണ്. വിവിധ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നത്. എട്ട് മാസം മുമ്പാണ് 38കാരനായ അറബ് വംശജന്‍ സര്‍ക്കാര്‍ വകുപ്പില്‍ ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്. 29കാരനായ സഹോദരന്‍ സ്വകാര്യ മേഖലയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇളയ സഹോദരന്‍ ഇടനിലക്കാരനായി നിന്നാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. അനധികൃതമായി സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തിക്കൊടുക്കുകയും പ്രതിഫലമായി പണം വാങ്ങുകയുമാണ് ചെയ്തിരുന്നത്.
ഇവരുടെ നടപടികള്‍ സംബന്ധിച്ച സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായതെന്ന് അബൂദബി പൊലീസ് അഴിമതി വിരുദ്ധ വിഭാഗം മേധാവി ലെഫ്. കേണല്‍ മത്താര്‍ മുആദെദ് അല്‍ മുഹൈരി പറഞ്ഞു. സഹോദരങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയും പൊലീസുകാരില്‍ ഒരാള്‍ ഇടപാടുകാരനായി അഭിനയിക്കുകയുമായിരുന്നു.
ഇളയ സഹോദരനെ സമീപിച്ച് നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള സഹായം ആവശ്യപ്പെടുകയും പകരമായി പണം നല്‍കുകയുമായിരുന്നു.
പൊലീസിന്‍െറ തന്ത്രത്തില്‍ സഹോദരങ്ങള്‍ വീണതോടെ തെളിവുകള്‍ അടക്കം ഇരുവരെയും പിടികൂടി. ഇന്‍സ്പെക്ടറെ ജോലി ചെയ്യുന്ന ഓഫിസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെയും തെളിവുകളും തുടര്‍ നിയമനടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി. ഇരുവരെയും ജയിലിലേക്ക് മാറ്റുകയും ചെയ്തു.
ഇത്തരം നിയമ വിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്നവരെ കുറിച്ച വിവരങ്ങള്‍ 8002626 എന്ന നമ്പറിലേക്ക് വിളിച്ചോ 2828 നമ്പറില്‍ സന്ദേശം അയച്ചോ aman@adpolice.gov.ae ഇ മെയില്‍ ചെയ്തോ കൈമാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.