ഉപയോഗശൂന്യമായ പാചക എണ്ണ ബയോഡീസലാക്കാന്‍ പദ്ധതി
text_fieldsഅബൂദബി: വീടുകളില്‍ ഉപയോഗിച്ച ശേഷം സിങ്കുകളിലേക്ക് ഒഴിച്ചുകളയുന്ന എണ്ണയില്‍ നിന്ന് വാഹനങ്ങള്‍ ഓടിക്കുന്ന ബയോ ഡീസല്‍ നിര്‍മിക്കുന്ന പദ്ധതിക്ക് അബൂദബി മാലിന്യ സംസ്കരണ കേന്ദ്രം (തദ്വീര്‍) തുടക്കം കുറിച്ചു.
ഉപയോഗശൂന്യമായ പാചക വാതക എണ്ണകള്‍ ശുദ്ധീകരിച്ച് ബയോഡീസലും ഗ്ളിസറോളും നിര്‍മിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. അല്‍ റഹ പ്രദേശത്താണ് പദ്ധതിക്ക് തുടക്കമായത്. അല്‍ റാഹയിലെ താമസക്കാര്‍ക്ക് അഞ്ച് ലിറ്റര്‍ ശേഷിയുള്ള പച്ച കണ്ടെയ്നറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. വീട്ടില്‍ ഉപയോഗശൂന്യമാകുന്ന പാചക എണ്ണകള്‍ ഈ വീപ്പുകളില്‍ ശേഖരിച്ച് വെക്കുകയും നിറയുമ്പോള്‍ അല്‍ റഹയില്‍ സ്ഥാപിച്ച വലിയ കണ്ടെയ്നറിലേക്ക് മാറ്റുകയുമാണ് വേണ്ടത്. ഈ പാചക മാലിന്യം ശേഖരിച്ച ശേഷം ശുദ്ധിയാക്കിയും സംസ്കരിച്ചും വാഹന ഇന്ധനമായി ബയോ ഡീസല്‍ നിര്‍മിക്കുകയാണ് ചെയ്യുന്നത്. മസ്ദര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഉപയോഗ ശൂന്യമായ പാചക എണ്ണയുടെ പുനരുല്‍പാദനം നടത്തുന്നത്.
മാലിന്യത്തിന്‍െറ പുനരുല്‍പാദത്തിലൂടെ പുനരുപയോഗവും മാലിന്യത്തിന്‍െറ അനുയോജ്യമായ നീക്കം ചെയ്യലും സാധിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാരിസ്ഥിതിക ജീവിത ശൈലി ശീലിപ്പിക്കുന്നതിന് കുട്ടികകളെയാണ് കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഹ ഇന്‍റര്‍നാഷനല്‍ സ്കൂളിലെ കുട്ടികള്‍ക്ക് പദ്ധതി വിവരിച്ച് നല്‍കുകയും ബോധവത്കരണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
അല്‍ റഹ ഗാര്‍ഡന്‍സിലെ 50 വീടുകള്‍ മസ്ദര്‍ പ്രതിനിധികളും വിദ്യാര്‍ഥികളും ചേര്‍ന്ന് സന്ദര്‍ശിക്കുകയും പദ്ധതി വിശദീകരിച്ചുനല്‍കുകയും ചെയ്തു. ബോധവത്കരണ കാമ്പയിനിന്‍െറ ഭാഗമായി വിദ്യാര്‍ഥി സന്നദ്ധ പ്രവര്‍ത്തകര്‍ 20 ലിറ്റര്‍ ഉള്ള വീപ്പകളുമായി എത്തി മലിനീകരിക്കപ്പെട്ട പാചക എണ്ണകള്‍ സമാഹരിക്കും. അഞ്ച് ലിറ്ററിന്‍െറ വീപ്പകള്‍ വീട്ടുകാര്‍ക്ക് നല്‍കുകയും ചെയ്യും. അടുത്ത മാസം ആദ്യം മുതല്‍ ഇത് ആരംഭിക്കും.
ഇത് തുടക്കം മാത്രമാണെന്നും വൈകാതെ നഗരത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.