ആര്‍.ടി.എ ഈ വര്‍ഷം 12 പുതിയ റോഡുകള്‍ നിര്‍മിക്കും
text_fieldsദുബൈ: ദുബൈയില്‍ ഈ വര്‍ഷം 12 പുതിയ റോഡുകള്‍ നിര്‍മിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 55 പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഈ വര്‍ഷം പൂര്‍ത്തിയാക്കും. ദുബൈ വാട്ടര്‍ കനാല്‍, യൂനിയന്‍ മ്യൂസിയം എന്നീ വന്‍ പദ്ധതികളും ഇതില്‍ പെടും. ഈ വര്‍ഷത്തേക്കുള്ള 760 കോടി ദിര്‍ഹത്തിന്‍െറ ബജറ്റിന് ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി ആര്‍.ടി.എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായിര്‍ അറിയിച്ചു.
391 കോടി പ്രവര്‍ത്തന ചെലവുകള്‍ക്കും 369 കോടി അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് വകയിരുത്തിയിരിക്കുന്നത്. 750 കോടി വരവും പ്രതീക്ഷിക്കുന്നു. വരവില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. 43 പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്. അവ ഈ വര്‍ഷം പൂര്‍ത്തിയാക്കും.
ബജറ്റിന്‍െറ 37 ശതമാനം റെയില്‍ ഏജന്‍സിക്ക് വകയിരുത്തിയിരിക്കുന്നു. 31 ശതമാനം ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സിക്ക്.
പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിക്ക് 10 ശതമാനവും ലൈസന്‍സിങ് ഏജന്‍സിക്ക് നാല് ശതമാനവും മറ്റു മേഖലകള്‍ക്ക് 18 ശതമാനവും അനുവദിച്ചിരിക്കുന്നു.
ദുബൈ വാട്ടര്‍ കനാല്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കും. യൂനിയന്‍ മ്യൂസിയം, വാഫി ഇന്‍റര്‍ചേഞ്ച്, ഉമ്മുല്‍ ശീഫ്- ലത്തീഫ ബിന്‍ത് ഹംദാന്‍ റോഡ് ജങ്ഷന്‍, ദുബൈ വിമാനത്താവള റോഡ് ജങ്ഷന്‍ വികസനം, അല്‍ ശിന്ദഗ ഹബ് പദ്ധതി, അല്‍ വാസല്‍- ജുമൈറ റോഡ് വികസനം, അല്‍ അവീര്‍ റോഡ്- ഇന്‍റര്‍നാഷണല്‍ സിറ്റി റോഡ് വികസനം എന്നിവയാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്ന മറ്റ് പ്രധാന പദ്ധതികള്‍. ലത്തീഫ ബിന്‍ത് ഹംദാന്‍ റോഡ് വികസനം, സമാന്തര റോഡുകള്‍, ശൈഖ് സായിദ് റോഡ് ഏഴാം ഇന്‍റര്‍ചേഞ്ച് വികസനം, സീഹ് അസ്സലാം റോഡ് രണ്ടാംഘട്ടം എന്നിവയാണ് ഈ വര്‍ഷത്തെ പുതിയ പദ്ധതികള്‍. നിരവധി സൈക്കിളിങ്, ജോഗിങ് ട്രാക്കുകളും പുതുതായി നിര്‍മിക്കുമെന്ന് മതാര്‍ അല്‍ തായിര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
