കര്‍ണാടക സര്‍ക്കാര്‍ ആപ്പിന് എം- ഗവണ്‍മെന്‍റ് അവാര്‍ഡ്
text_fieldsദുബൈ: മൂന്നുദിവസമായി ദുബൈ മദീനത്ത് ജുമൈറയില്‍ നടന്നുവന്ന നാലാമത് സര്‍ക്കാര്‍ ഉച്ചകോടി സമാപിച്ചു. അവസാദ ദിവസം യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ സാന്നിധ്യത്തില്‍ ഗവണ്‍മെന്‍റ് ഇന്നവേഷന്‍ അവാര്‍ഡുകളും എം- ഗവണ്‍മെന്‍റ് സര്‍വീസ് അവാര്‍ഡുകളും വിതരണം ചെയ്തു. വണ്‍ സ്റ്റോപ്പ് മൊബൈല്‍ ആപ്ളിക്കേഷന്‍ വിഭാഗത്തില്‍ കര്‍ണാടക സര്‍ക്കാറിന്‍െറ മൊബൈല്‍ വണ്‍ ആപ്ളിക്കേഷന്‍ ഒന്നാം സ്ഥാനം നേടി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ലഭ്യമാക്കാന്‍ കര്‍ണാടകയില്‍ നിലവിലുള്ള ആപ്ളിക്കേഷനാണ് മൊബൈല്‍ വണ്‍. കര്‍ണാടക സര്‍ക്കാറിന്‍െറ സെന്‍റര്‍ ഫോര്‍ ഇ- ഗവേണന്‍സാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വൈദ്യുതി- വെള്ളം ബില്ലുകള്‍, പൊലീസ്, ഗതാഗതം, മുനിസിപ്പല്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ അടക്കാന്‍ സൗകര്യമുള്ള ആപ്പാണിത്. എല്ലാവിധ സര്‍ക്കാര്‍ സേവനങ്ങളെയും അറിയിപ്പുകളെയും സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. ഗവണ്‍മെന്‍റ് ഇന്നവേഷന്‍ അവാര്‍ഡിന് അര്‍ഹമായത് മൊസാംബിക്, സിംബാബ്വെ എന്നിവിടങ്ങളില്‍ നിന്നുള്ള ഘ്രാണ ശേഷിയുള്ള എലികളാണ്. ക്ഷയ രോഗത്തിന് കാരണമാകുന്ന ബാക്റ്റീരിയകളെ തിരിച്ചറിയാന്‍ ശേഷിയുള്ള എലികളാണിത്. ആറുമാസത്തെ പരിശീലനത്തിന് ശേഷമാണ് എലികളെ ഇതിനായി ഉപയോഗിക്കുന്നത്.
എം- ഗവണ്‍മെന്‍റ് വിഭാഗത്തില്‍ ശരീരത്തില്‍ ധരിക്കുന്ന ഉപകരണങ്ങളില്‍ സിങ്കപ്പൂരിന്‍െറ ടി ജാക്കറ്റിനാണ് ഒന്നാം സ്ഥാനം. ഓട്ടിസം ബാധിച്ച കുട്ടികളുടെ പഠന സഹായിയായാണ് ജാക്കറ്റ് ഉപയോഗിക്കുന്നത്. ദേശീയ വിഭാഗത്തില്‍ ഗതാഗത പിഴകള്‍ ഓണ്‍ലൈനായി അടക്കാനുള്ള ദുബൈ പൊലീസ് ആപ്പിനാണ് അവാര്‍ഡ്. മേഖലാ തലത്തില്‍ കുവൈത്തിന്‍െറ ഇ- ഗവണ്‍മെന്‍റ് ആപ്പും അവാര്‍ഡിന് അര്‍ഹമായി. ദുബൈ സ്മാര്‍ട്ട് ഗവണ്‍മെന്‍റിന്‍െറ ദുബൈ നൗ, ന്യൂസിലാന്‍റിന്‍െറ ഫോഴ്സ് ഫിറ്റ്, മൊറോക്കോയുടെ റെന്‍ഡേവോ, അബൂദബി ആരോഗ്യ മന്ത്രാലയത്തിന്‍െറ ആപ്പ് എന്നിവക്കും അവാര്‍ഡ് ലഭിച്ചു. സാമ്പത്തിക വിഭാഗത്തില്‍ ന്യൂസിലാന്‍റിന്‍െറ ഒക്കുപേഷന്‍ ഒൗട്ലുക്കിനാണ് അവാര്‍ഡ്. പരിസ്ഥിതി വിഭാഗത്തില്‍ സ്വീഡന്‍െറ എനര്‍ജി വാച്ചും. ഗതാഗത വിഭാഗത്തില്‍ ഫ്രാന്‍സിന്‍െറ ഐ.ഡി പാസ് അന്താരാഷ്ട്ര വിജയിയും മൊറോക്കോയുടെ ആഡ് എം മൊബൈല്‍ മേഖലാ വിജയിയുമായി. ദേശീയതലത്തില്‍ ആര്‍.ടി.എ ആണ് വിജയി.
വിദ്യാഭ്യാസ വിഭാഗത്തില്‍ ആസ്ത്രേലിയയുടെ സ്കൂള്‍ എ ടു സെഡ് ഒന്നാം സ്ഥാനം നേടി. സൗദിയുടെ സഫീര്‍ മേഖലാതല വിജയിയും യു.എ.ഇ തൊഴില്‍ മന്ത്രാലയത്തിന്‍െറ വജഹ്നി ദേശീയതല വിജയിയുമായി. സാമൂഹിക വിഭാഗത്തില്‍ ആസ്ത്രേലിയയുടെ നാഷണല്‍ റിലേ സര്‍വീസ് അവാര്‍ഡ് നേടി. ഒമാന്‍െറ ‘ഹൗ ഡു ഐ പേ സകാത്ത്’ മേഖലാതല വിജയിയും യു.എ.ഇ ഒൗഖാഫിന്‍െറ ആപ്പ് ദേശീയ വിജയിയുമായി.
സുരക്ഷാ വിഭാഗത്തില്‍ സ്പെയിന്‍െറ അലര്‍ട്ട് കോപ്സിനാണ് ഒന്നാം സ്ഥാനം. റോയല്‍ ഒമാന്‍ പൊലീസിന്‍െറ ആപ്പ്, ദുബൈ പൊലീസ് ആപ്പ് എന്നിവയാണ് മേഖലാ, ദേശീയ വിജയികള്‍. ടൂറിസം വിഭാഗത്തില്‍ മൈ ഹോങ്കോങ് ഗൈഡ്, വിസിറ്റ് ജോര്‍ഡന്‍, വിസിറ്റ് ദുബൈ എന്നിവക്കാണ് പുരസ്കാരം. സര്‍വകലാശാല തലത്തില്‍ അബൂദബി ന്യൂയോര്‍ക്ക് യൂനിവേഴ്സിറ്റിയുടെ റോഡ് വാച്ചിനാണ് അവാര്‍ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.