സര്‍ക്കാര്‍ ഉച്ചകോടി: ഗ്രെഗ് ഹണ്ട് മികച്ച മന്ത്രി
text_fieldsദുബൈ: ദുബൈ മദീനത്ത് ജുമൈറയില്‍ നടക്കുന്ന സര്‍ക്കാര്‍ ഉച്ചകോടിയില്‍ ആസ്ത്രേലിയന്‍ പരിസ്ഥിതി കാര്യ മന്ത്രി ഗ്രെഗ് ഹണ്ട് ലോകത്തെ മികച്ച മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ്. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചു.
ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഗ്രേറ്റ് ബാരിയര്‍ റീഫ് എന്ന പവിഴപ്പുറ്റ് തിട്ടുകളുടെ ശൃംഖല സംരക്ഷിക്കുന്നതിന് ഹണ്ടിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം നടപടികള്‍ സ്വീകരിച്ചിരുന്നു. ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹണ്ട് പ്രതികരിച്ചു. ആസ്ത്രേലിയയിലെ ജലത്തിന്‍െറ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് 140 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് പദ്ധതി നടപ്പാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
24 ലക്ഷം വീടുകളില്‍ സൗരോര്‍ജത്തിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. മൊത്തം വീടുകളുടെ 15 ശതമാനം വരുമിത്. ലോകത്ത് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹരിത സേന എന്ന പദ്ധതിയിലൂടെ 13 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചു. 2020ഓടെ 20 ദശലക്ഷമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോംസണ്‍ റോയിറ്റേഴ്സ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ ഉച്ചകോടിയില്‍ മികച്ച മന്ത്രിക്കുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.