യു.എ.ഇ- ഇന്ത്യ വ്യാപാരബന്ധം: സാമ്പത്തിക കാര്യ മന്ത്രാലയം നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവിട്ടു
text_fieldsഅബൂദബി: നൂറ്റാണ്ടുകളുടെ ചരിത്രപരമായ ബന്ധമുള്ള ഇന്ത്യയും യു.എ.ഇയും തമ്മിലെ വ്യാപാരം കുതിക്കുന്നു. ഉഭയകക്ഷി വ്യാപാരത്തിലും നിക്ഷേപത്തിലും പരസ്പര ബന്ധത്തിലും ആശാവഹമായ പുരോഗതിയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ അറബ് രാജ്യം യു.എ.ഇയാണ്്. യു.എ.ഇയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി എന്ന പദവി ഇന്ത്യക്കാണ്. സാമ്പത്തിക കാര്യ മന്ത്രാലയത്തിന്‍െറ വാണിജ്യ-വ്യാവസായിക ഇന്‍ഫര്‍മേഷന്‍ ശനിയാഴ്ച ഇന്ത്യ- യു.എ.ഇ വ്യാപാര ബന്ധം സംബന്ധിച്ച നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇതുപ്രകാരം 2013നെ അപേക്ഷിച്ച് 2014ല്‍ ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യ ബന്ധത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യാഥാര്‍ഥ്യങ്ങളും ഇന്ത്യ- യു.എ.ഇ എണ്ണയിതര വ്യാപാര ബന്ധവും വിലയിരുത്തുന്ന റിപ്പോര്‍ട്ട് പ്രകാരം നേരിട്ടുള്ള വിദേശ എണ്ണയിതര വ്യാപാരത്തില്‍ 2013നെ അപേക്ഷിച്ച് 2014ല്‍ 21 ശതമാനം കുറവുണ്ടായിട്ടുണ്ട്. യു.എ.ഇയുടെ ഇന്ത്യയിലേക്കുള്ള പുനര്‍കയറ്റുമതിയില്‍ 33 ശതമാനവും കുറവ് രേഖപ്പെടുത്തി. ദേശീയ കയറ്റുമതിയില്‍ 31 ശതമാനവും കുറവുണ്ടായി. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള ഇറക്കുമതി 12 ശതമാനം കുറഞ്ഞു. അതേസമയം, നിക്ഷേപ മേഖലയില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്.
2014ല്‍ യു.എ.ഇയുടെ ഇന്ത്യയിലേക്കുള്ള എണ്ണയിതര കയറ്റുമതി 5300 കോടി ഡോളറാണ്. ഇന്ത്യയിലേക്കുള്ള എണ്ണയിതര കയറ്റുമതിയില്‍ 88.5 ശതമാനവും പത്ത് ഉല്‍പന്നങ്ങളാണ്. വിവിധ ഇനം സ്വര്‍ണമാണ് ഇന്ത്യയിലേക്കുള്ള എണ്ണയിതര കയറ്റുമതിയുടെ 59 ശതമാനവും. 316 കോടി ഡോളറിന്‍െറ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 364 ദശലക്ഷം ഡോളറിന്‍െറ സ്വര്‍ണ ആഭരണങ്ങളും 319 ദശലക്ഷം ഡോളറിന്‍െറ ചെമ്പുകമ്പികളും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതില്‍ 26 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് 1740 കോടി ദിര്‍ഹത്തിന്‍െറ ഇറക്കുമതിയാണ് 2014ല്‍ നടന്നത്. ഇറക്കുമതിയുടെ 67 ശതമാനവും പത്ത് ഉല്‍പന്നങ്ങളാണ്. 460 കോടി ഡോളറിന്‍െറ സ്വര്‍ണ ഇറക്കുമതിയാണ് ഇന്ത്യയില്‍ നിന്ന് യു.എ.ഇ നടത്തിയത്. മൊത്തം ഇറക്കുമതിയുടെ 26.4 ശതമാനവും വിവിധ ഇനം സ്വര്‍ണമാണ്.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ അറബ് രാജ്യം യു.എ.ഇയാണെന്നും പഠനത്തില്‍ വ്യക്തമായി. ഇന്ത്യയിലെ മൊത്തം അറബ് നിക്ഷേപത്തിന്‍െറ 81.2 ശതമാനവും യു.എ.ഇയില്‍ നിന്നാണ്. ഇന്ത്യയിലെ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍െറ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ 11ാം സ്ഥാനവും യു.എ.ഇക്കാണ്. ഇന്ത്യയിലെ യു.എ.ഇയുടെ മൊത്തം നിക്ഷേപം 800 കോടി ഡോളറാണ്. ഇതില്‍ 289 കോടി ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍െറ രൂപത്തിലാണ്. പ്രധാനമായും അഞ്ച് മേഖലകള്‍ കേന്ദ്രീകരിച്ചാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. നിര്‍മാണ മേഖലയില്‍ 16ഉം ഊര്‍ജ മേഖലയില്‍ 14ഉം ലോഹ സംസ്കരണം, സേവനം മേഖലകളില്‍ പത്ത് ശതമാനവും കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ മേഖലകളില്‍ അഞ്ച് ശതമാനവുമാണ് നിക്ഷേപം നടത്തുന്നത്.
ഇന്ത്യയിലെ മൊത്തം കണ്ടെയ്നര്‍ ടെര്‍മിനലുകളുടെ 34 ശതമാനവും കൈകാര്യം ചെയ്യുന്ന ഡി.പി. വേള്‍ഡ്, ഇമാര്‍ എം.ജി.എഫ്, അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, അഡ്നോക്, ഇത്തിസാലാത്ത്, തഖാ, നാഷനല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനി, എമാര്‍, ബുറുജ്, അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് ഹൗസ്, ദുബൈ ഇന്‍വെസ്റ്റ്മെന്‍റ്സ്, ദാനാ ഗ്യാസ്, ദുബൈ അലൂമിനിയം കമ്പനി ലിമിറ്റഡ്, ദുബൈ കേബിള്‍സ്, ടീകോം ഇന്‍വെസ്റ്റ്മെന്‍റ്സ്, എമിറേറ്റ്സ്, ഇത്തിഹാദ്, ഫൈ്ളദുബൈ, എയര്‍അറേബ്യ, ദുബൈ ഗ്രൂപ്പ്, ഷറഫ് ഗ്രൂപ്പ്, അബൂദബി നാഷനല്‍ ബാങ്ക്, എമിറേറ്റ്സ് എന്‍.ബി.ഡി തുടങ്ങിയവയാണ് ഇന്ത്യയില്‍ നിക്ഷേപം നടത്തിയ യു.എ.ഇ സ്ഥാപനങ്ങള്‍. അറബ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപമുള്ള രണ്ടാമത്തെ രാജ്യം യു.എ.ഇയാണ്. 2013ലെ റിപ്പോര്‍ട്ട് പ്രകാരം 570 കോടി ഡോളറിന്‍െറ നിക്ഷേപമാണ് ഇന്ത്യ യു.എ.ഇയില്‍ നടത്തിയിട്ടുള്ളത്. 2012നെ അപേക്ഷിച്ച് 20.30 ശതമാനം വര്‍ധനമാണ് ഇന്ത്യന്‍ നിക്ഷേപത്തില്‍ ഉണ്ടായിട്ടുള്ളത്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുഹമ്മദ് ബിന്‍ സായിദിന്‍െറ ഇന്ത്യ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര- നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.