ഷാര്‍ജയില്‍ എട്ടുവയസ്സുകാരി എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ചു
text_fieldsഷാര്‍ജ: അല്‍ താവൂനിലെ ബഹുനില കെട്ടിടത്തിന്‍െറ എട്ടാം നിലയില്‍ നിന്ന് വീണ് എട്ട് വയസ്സുള്ള സിറിയന്‍ ബാലിക മരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. മാതാവ് വീട്ടിലെ ജോലിയില്‍ മുഴുകിയ സമയത്തായിരുന്നു അപകടം. കസേര ജനാലക്കടുത്തേക്ക് നീക്കി പുറത്തേക്ക് നോക്കുന്നതിനിടയില്‍ കാല്‍തെറ്റി വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. ദൃക്സാക്ഷികള്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോയി.
കുട്ടിയുടെ രക്ഷിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. നിരന്തരമായി കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് മരിക്കുന്നത് പതിവായതോടെ രക്ഷിതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇത്തരം അപകടങ്ങള്‍ ഒരുപരിധി വരെ കുറക്കാന്‍ സാധിച്ചിരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ മട്ടുപ്പാവിലേക്ക് തുറക്കുന്ന എല്ലാ വാതിലുകളും ജനലുകളും ബന്ധിക്കണമെന്നും ഇവക്ക് സമീപം കസേര പോലുള്ള ഉപകരണങ്ങള്‍ വെക്കരുതെന്നുമാണ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്.
കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കള്‍ പുറത്തുപോകുന്ന പ്രവണത ഒഴിവാക്കുകയും വേണം. കഴിഞ്ഞവര്‍ഷം ഏഴ് കുട്ടികളാണ് ഷാര്‍ജയിലെ കെട്ടിടങ്ങളില്‍ നിന്ന് വീണ് മരിച്ചത്. ഈ വര്‍ഷം രണ്ടാമത്തെ കേസാണിത്. കുടുംബവുമായി താമസിക്കുന്നവര്‍ കുട്ടികളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.