ദീപങ്ങള്‍ തെളിഞ്ഞു; വര്‍ണങ്ങളില്‍ ആറാടി ഷാര്‍ജ
text_fieldsഷാര്‍ജ: ആറാമത് വിളക്കുത്സവത്തിന് ഷാര്‍ജയില്‍ തിരിതെളിഞ്ഞു. പുരാതന സൂക്കുകളും തെരുവുകളും വിളക്കുകള്‍ ചൊരിഞ്ഞ വര്‍ണ രാജികളാല്‍ അലംകൃതമായി. നൂറുകണക്കിന് പേരാണ് വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രകാശോത്സവം കാണാനത്തെിയത്. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് വെളിച്ചം കൊണ്ട് ഷാര്‍ജ പുത്തന്‍ ഗാഥകള്‍ രചിക്കുന്നത്.

അറബ് രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനമെന്ന പദവിയെ ഉയര്‍ത്തി പിടിക്കുന്ന ചേരുവകളാണ് വിളക്കുകളുടെ നാളങ്ങളില്‍ നിന്ന് കെട്ടിടങ്ങളുടെ ചുവരുകളിലേക്ക് ചൊരിയുന്നത്. വിളക്കുത്സവം നടക്കുന്ന ഭാഗങ്ങളിലെല്ലാം അതീവ സുരക്ഷയാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ മജാസ് ഭാഗത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത്. അന്തരീക്ഷത്തിലെ മഞ്ഞുപാളികളില്‍ വെളിച്ചം പതിക്കുമ്പോള്‍ രാത്രിയിലും മാരിവില്ലുകള്‍ വിടരുന്ന സുന്ദരമായ കാഴ്ച അല്‍ മജാസ് ഭാഗത്തുണ്ടായിരുന്നു. വെളിച്ചോത്സവത്തിന്‍െറ വിളംബരമായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൂറ്റന്‍ ലൈറ്റുകള്‍ പ്രകാശിച്ച് തുടങ്ങിയിരുന്നു. പതിവ് ഇടങ്ങള്‍ക്ക് പുറമെ മുവൈലക്ക് സമീപത്തെ ആല്‍ ഖാസിമിയ സര്‍വകലാശാല, അല്‍ ഖാസിമിയ മസ്ജിദ്, യൂനിവേഴ്സിറ്റി സിറ്റി ഹാള്‍, പ്ളാനറ്റോറിയം, ജുബൈലിലെ പുതിയ പൊതു മാര്‍ക്കറ്റ്, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ്, കള്‍ചറല്‍ പാലസ്, കല്‍ബ കോര്‍ണീഷ് പാര്‍ക്ക്, കല്‍ബയിലെ അല്‍ ഫരീദ് സ്ട്രീറ്റിലെ സര്‍ക്കാര്‍ കെട്ടിടം, ദിബ്ബ അല്‍ ഹിസന്‍, ബുഹൈറയിലെ തെരഞ്ഞെടുത്ത കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത്തവണ പ്രകാശം കവിത എഴുതുന്നത്. സാധാരണ ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ രാത്രി 11വരെയും അവധി ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെയുമാണ് വിളക്കുത്സവം. ദുബൈയില്‍ നിന്ന് ബസ് മാര്‍ഗം അല്‍ ജുബൈലില്‍ എത്തിയാല്‍ വിളക്കുത്സവം ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
