ആളില്ലാ വിമാന മത്സരത്തിന് ഇന്ന് തുടക്കം
text_fieldsദുബൈ: രണ്ടാമത് യു.എ.ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ് അവാര്‍ഡിന്‍െറ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ദുബൈ ഇന്‍റര്‍നെറ്റ് സിറ്റിയില്‍ വ്യാഴാഴ്ച തുടക്കമാകും. ആളില്ലാ വിമാനങ്ങള്‍ മനുഷ്യ നന്മക്കായി എങ്ങനെ ഉപയോഗിക്കാനാകുമെന്ന് മത്സരത്തിലൂടെ വിവിധ ടീമുകള്‍ അവതരിപ്പിക്കും.
20 രാജ്യാന്തര ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ചയാണ് ഫൈനല്‍. അന്താരാഷ്ട്ര വിജയിക്ക് 10 ലക്ഷം ഡോളറും ദേശീയ വിജയിക്ക് 10 ലക്ഷം ദിര്‍ഹവുമാണ് സമ്മാനം. ഈയിനത്തിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള മത്സരമാണിത്.
യു.എ.ഇ, കനഡ, ആസ്ത്രേലിയ, അമേരിക്ക, ബ്രിട്ടണ്‍, ഇത്യോപ്യ, ഗ്രീസ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തിന്‍െറ ഒരുക്കം പൂര്‍ത്തിയായതായി പരിപാടിയുടെ കോഓഡിറേറ്റര്‍ ജനറലായ സൈഫ് അല്‍ അലീലി പറഞ്ഞു. മത്സരം വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശം സൗജന്യമാണ്. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള പദ്ധതികളുടെ തത്സമയ പ്രദര്‍ശനം ഇന്‍റര്‍നെറ്റ് സിറ്റിയില്‍ നടക്കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മത്സരം വീക്ഷിച്ച് ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ പുത്തന്‍ അറിവുകള്‍ സ്വന്തമാക്കാമെന്ന് അദ്ദേഹം അറിയിച്ചു.
അന്താരാഷ്ട്ര തലത്തിലെ വിദഗ്ധരാണ് വിധി നിര്‍ണയിക്കാന്‍ എത്തിയിരിക്കുന്നത്. ബോസ്റ്റണ്‍ സര്‍വകലാശാല റിമോട്ട് സെന്‍സിങ് വിഭാഗം ഡയറക്ടറും റിസര്‍ച്ച് പ്രഫസറുമായ ഫാറൂഖ് അല്‍ ബാസ്, ദുബൈ സര്‍വകലാശാല പ്രസിഡന്‍റ് ഡോ. ഈസ ബസ്താകി, ഹ്യുമനിറ്റേറിയന്‍ യു.എ.വി നെറ്റ്വര്‍ക് സ്ഥാപകന്‍ പാട്രിക് മിയര്‍, വേള്‍ഡ് ഐ.ക്യൂ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് മനാഹില്‍ താബിത് എന്നിവരാണ് ജൂറി അംഗങ്ങള്‍. പൊതുജനങ്ങള്‍ക്ക് www.dronesforgood.ae എന്ന വെബ്സൈറ്റിലൂടെ മികച്ച പ്രൊജക്ടിനായി വോട്ട് ചെയ്യാം.
വിദഗ്ധരുടെ പ്രഭാഷണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.