വില്ലകളിലും അപ്പാര്‍ട്ട്മെന്‍റുകളിലും വാടക തട്ടിപ്പ് തുടരുന്നു; ഇരയാകുന്നവരില്‍ മലയാളികളും
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലും പ്രാന്ത പ്രദേശങ്ങളിലും വില്ലകളും അപ്പാര്‍ട്ട്മെന്‍റുകളും കേന്ദ്രീകരിച്ചുള്ള വാടക തട്ടിപ്പുകള്‍ തുടരുന്നു. പല രീതിയിലാണ് ഏജന്‍റുമാരും വില്ലകള്‍ മൊത്തത്തില്‍ എടുത്ത് ഭാഗം തിരിച്ച് വാടകക്ക് കൊടുക്കുന്നവരും തട്ടിപ്പുകള്‍ നടത്തുന്നത്. മലയാളികള്‍ അടക്കം വിവിധ രാജ്യക്കാര്‍ തട്ടിപ്പിന് ഇരയായി ആയിരക്കണക്കിന് ദിര്‍ഹം നഷ്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്നുണ്ട്. വന്‍തുക വാടക നല്‍കാന്‍ ഇല്ലാത്തതിനാല്‍ ‘നിയമവിരുദ്ധ’ താമസ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരാണ് അധികവും ചതിയില്‍ പെടുന്നത്. ഏജന്‍റുമാരും നിക്ഷേപകരും വഞ്ചന നടത്തുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാരെയും ബ്രോക്കര്‍മാരെയും നിയമവിധേയമാക്കുന്നതിന് അബൂദബി മുനിസിപ്പാലിറ്റി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അബൂദബി, മുസഫ, ബനിയാസ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഒരേ മുറി തന്നെ പലര്‍ക്കും കാണിച്ചുകൊടുത്ത് അഡ്വാന്‍സും വാടകയും വാങ്ങി തട്ടിപ്പ് നടത്തുന്നതിനൊപ്പം വില്ലകളും മറ്റും മൊത്തമായി എടുത്ത ശേഷം അനധികൃതമായി മുറികള്‍ തിരിച്ച് വാടകക്ക് നല്‍കുന്നവരും ഉണ്ട്. ഒരു അപ്പാര്‍ട്ട്മെന്‍റ് മൊത്തത്തില്‍ വാടകക്ക് എടുക്കാന്‍ ശേഷിയില്ലാത്ത ഇടത്തരം വരുമാനക്കാരാണ് ഇത്തരം ചതികളില്‍ അകപ്പെടുന്നത്. വില്ലകളില്‍ അനധികൃതമായി ‘പാര്‍ട്ടിഷനുകള്‍’ നടത്തുന്നത് മുനിസിപ്പാലിറ്റി നിരോധിച്ചിട്ടുണ്ട്. പരിശോധനയില്‍ അനധികൃത താമസം കണ്ടത്തെുന്നതോടെ ഉടമക്ക് വന്‍ തുക പിഴ ലഭിക്കുന്നതിനൊപ്പം താമസക്കാര്‍ നല്‍കിയ വാടക നഷ്ടമാകുകയും ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തേക്കും ആറ് മാസത്തേക്കും ഒരുമിച്ച് വാടക വാങ്ങിയ ശേഷമാണ് തട്ടിപ്പുകള്‍ നടക്കുന്നത്.
അബൂദബിയില്‍ ഏതാനും മാസം മുമ്പ് വില്ലയില്‍ മുറി എടുത്ത മലയാളി ചെറുപ്പക്കാര്‍ വഞ്ചിക്കപ്പെട്ടിരുന്നു. ഇവരെ കാണിച്ച മുറി തന്നെ പലര്‍ക്കും വാടകക്ക് നല്‍കിയാണ് ഏജന്‍റ് പറ്റിച്ചത്. ഒരേസമയം ഒന്നിലധികം പേരില്‍ നിന്ന് ആറ് മാസത്തെ വാടക വാങ്ങുകയും ചെയ്തു.
വാടക കരാര്‍ വ്യാജമായി ഉണ്ടാക്കിയെന്ന പരാതിയും ഉണ്ടായിരുന്നു. ബനിയാസില്‍ വലിയ വില്ലയില്‍ താമസിക്കുന്ന 21 കുടുംബങ്ങള്‍ ഇപ്പോള്‍ പ്രയാസത്തിലാണ്. ഉടമയില്‍ നിന്ന് വില്ല മൊത്തത്തില്‍ എടുത്ത നിക്ഷേപകന്‍ അനധികൃതമായി ‘പാര്‍ട്ടിഷന്‍’ നടത്തുകയായിരുന്നു. മൂന്ന് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ അനുവാദമുള്ള വില്ല 21 പേര്‍ക്കാണ് നല്‍കിയത്. ഈ കുടുംബങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തെ വാടക വാങ്ങുകയും ചെയ്തു. മുനിസിപ്പാലിറ്റിയുടെ പരിശോധനയില്‍ നിയമവിരുദ്ധ പ്രവൃത്തികള്‍ കണ്ടതിനെ തുടര്‍ന്ന് വില്ല ഉടമക്ക് വന്‍ തുക പിഴ വിധിച്ചിട്ടുള്ളതായി വില്ലയില്‍ താമസിക്കുന്നവര്‍ പറയുന്നു. ഉടമക്ക് നിക്ഷേപകന്‍ നല്‍കിയ ചെക്ക് മടങ്ങിയതോടെ ഇയാള്‍ ജയിലില്‍ ആകുകയും ചെയ്തതായി വില്ലയില്‍ താമസിക്കുന്ന മലയാളി പറഞ്ഞു. വില്ലയില്‍ നിന്ന് താമസം ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, മുഴുവന്‍ കുടുംബങ്ങളും ഒരു വര്‍ഷത്തെ വാടക ഒരുമിച്ചു കൊടുക്കുകയായിരുന്നു. താമസം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നാല്‍ ഇവര്‍ക്ക് വന്‍ തുക നഷ്ടമാകും. ആറ് മാസം മുമ്പാണ് വില്ലയില്‍ താന്‍ മുറിയെടുത്തതെന്നും ഒരു വര്‍ഷത്തേക്ക് 27000 ദിര്‍ഹം ഒരുമിച്ചു നല്‍കുകയായിരുന്നുവെന്നും പി.ആര്‍.ഒ ആയി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇപ്പോള്‍ താമസക്കാരെല്ലാം ഒത്തൊരുമിച്ച് നില്‍ക്കുകയാണ്. വില്ലയുടെ ഉടമയെ തങ്ങളുടെ പ്രയാസങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഴയ ബഹുനില കെട്ടിടങ്ങളിലും മറ്റും കുറഞ്ഞ വാടക നോക്കി ഫ്ളാറ്റുകള്‍ എടുക്കുന്നവരും വഞ്ചനക്ക് ഇരയാകുന്നുണ്ട്. പല കെട്ടിടങ്ങളും ഒഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ടാകും. ഇത് അറിയാതെ വാടക മുന്‍കൂര്‍ നല്‍കി മുറിയെടുക്കും. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഒഴിപ്പിക്കല്‍ നോട്ടിസ് ലഭിക്കുമ്പോഴാണ് ഇവര്‍ പ്രയാസം അനുഭവിക്കുന്നത്. ഇതോടൊപ്പം ബാച്ചിലര്‍മാര്‍ തിങ്ങിക്കൂടുന്ന താമസിക്കുന്നതും വൃത്തിയില്ലാത്തതും സുരക്ഷാ സൗകര്യങ്ങളില്ലാത്തതുമായ കെട്ടിടങ്ങളും അധികൃതര്‍ ഒഴിപ്പിക്കുന്നുണ്ട്. ഇത്തരം കെട്ടിടങ്ങളില്‍ മൂന്നും നാലും മാസത്തെ വാടക ഒരുമിച്ച് നല്‍കിയാണ് മുറിയെടുക്കുന്നത്. ചിലപ്പോള്‍ ആയിരക്കണക്കിന് ദിര്‍ഹം നഷ്ടമാകാന്‍ ഇത് കാരണമാകാറുണ്ട്.
അതേസമയം, ജാഗ്രതയോടെയും സൂക്ഷ്മതയോടെയും പ്രവര്‍ത്തിച്ചാല്‍ പണം നഷ്ടമാകുന്നത് അടക്കം പ്രയാസങ്ങള്‍ ഒഴിവാക്കാമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ചെറിയ ലാഭത്തിന് വേണ്ടി ഒരു വര്‍ഷത്തെ വാടക ഒരുമിച്ച് നല്‍കുമ്പോള്‍ കെട്ടിടത്തിന്‍െറ അവസ്ഥയും നിയമസാധുതയും പരിശോധിക്കണം. ഏജന്‍റിനോ ഉടമക്കോ പണം നല്‍കുമ്പോള്‍ പരമാവധി ചെക്ക് ഉപയോഗിക്കുക.
വാടക ഘട്ടംഘട്ടമായി നല്‍കിയാല്‍ വന്‍തുക നഷ്ടം ഒഴിവാക്കാം. അംഗീകൃത ഏജന്‍റുമാര്‍ വഴി മാത്രം ഇടപാടുകള്‍ നടത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.