സാംസ്കാരിക ഘോഷയാത്രയോടെ ഖസറുല്‍ ഹുസ്ന്‍ മഹോത്സവത്തിന് തുടക്കം
text_fieldsഅബൂദബി: തലസ്ഥാന നഗരിയുടെ പ്രതീകാത്മക ജന്‍മസ്ഥലവും ആല്‍ നഹ്യാന്‍ കുടുംബത്തിന്‍െറ ആദ്യ കേന്ദ്രവുമായ ഖസറുല്‍ ഹുസ്നില്‍ പത്ത് ദിവസം നീളുന്ന മഹോത്സവത്തിന് തുടക്കമായി. ബുധനാഴ്ച വൈകിട്ട് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരും വിവിധ ഭരണാധികാരികളും നേതൃത്വം നല്‍കിയ സാംസ്കാരിക ഘോഷയാത്രയോടെയാണ് മഹോത്സവം തുടങ്ങിയത്.
ശൈഖുമാരും ചെറുപ്പക്കാരും അണിനിരന്ന ഘോഷയാത്ര ഇമാറാത്തി പാരമ്പര്യത്തിന്‍െറയും സംസ്കാരത്തിന്‍െറയും തെളിവുകൂടിയായി മാറി. വലിയ ബലൂണുകളില്‍ ഖസറുല്‍ ഹുസ്ന്‍ കോട്ടയുടെ വിവിധ ദൃശ്യങ്ങള്‍ ചിത്രീകരിച്ചും ഇമാറാത്തി പാരമ്പര്യം വിളിച്ചോതിയുമാണ് ഘോഷയാത്ര നടന്നത്. ഖസറുല്‍ ഹുസ്നിന് ചുറ്റുഭാഗത്തുള്ള റോഡുകള്‍ അടക്കുകയും ആകാശത്ത് ഹെലികോപ്റ്ററുകള്‍ വട്ടമിട്ട് പറക്കുകയും ചെയ്തു. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും റോഡുകളിലുണ്ടായിരുന്നു. റോഡുകള്‍ അടച്ചും ആകാശത്ത് ഹെലികോപ്റ്ററുകള്‍ വട്ടമിട്ടും വന്‍ സുരക്ഷാ സംവിധാനം ഒരുക്കുകയും ചെയ്തു. വൈകുന്നേരം ഏഴോടെ ഘോഷയാത്ര ഖസറുല്‍ ഹുസ്ന്‍ കോട്ടക്കുള്ളില്‍ പ്രവേശിച്ചു. മഹോത്സവത്തിന്‍െറ ഭാഗമായി പരമ്പരാഗത നൃത്തങ്ങളും സംഗീതവും അരങ്ങേറി.
ഖസറുല്‍ ഹുസ്ന്‍ കോട്ടയില്‍ നടക്കുന്ന നവീകരണ- പുനരുദ്ധാരണ- സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനൊപ്പം അബൂദബിയുടെയും ഇമാറാത്തി സംസ്കാരത്തിന്‍െറയും ചരിത്രം മനസ്സിലാക്കാനും സന്ദര്‍ശകര്‍ക്ക് മഹോത്സവത്തിലൂടെ സാധിക്കും. വൈകുന്നേരം നാല് മുതല്‍ രാത്രി 11 വരെയാണ് പ്രവേശം. പരമ്പരാഗത തൊഴിലുകളും കരകൗശല വിദ്യകളും സംബന്ധിച്ച് വര്‍ക്ഷോപ്പുകളും നടക്കുന്നുണ്ട്. അബൂദബി വിനോദ സഞ്ചാര സാംസ്കാരിക അതോറിറ്റി സംഘടിപ്പിക്കുന്ന ഖസറുല്‍ ഹുസ്ന്‍ മഹോത്സവത്തില്‍ പരമ്പരാഗത ഇമാറാത്തി ജീവിത രീതികള്‍ പരിചയപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
