ഐ.എസിനെതിരെ ഓണ്‍ലൈന്‍ കാമ്പയിനുമായി സവാബ് സെന്‍റര്‍
text_fieldsഅബൂദബി: ഐ.എസിന്‍െറ തീവ്രവാദ ആശയത്തിനെതിരെ പോരാടുന്നതിന് യു.എ.ഇയും അമേരിക്കയും സംയുക്തമായി ആരംഭിച്ച സംരംഭമായ സവാബ് സെന്‍റര്‍ ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിക്കുന്നു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായാണ് പ്രചാരണം നടത്തുക. #ഫോഴ്സ് ഓഫ് ഹ്യുമാനിറ്റി എന്ന ഹാഷ്ടാഗിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. സവാബ് സെന്‍റര്‍ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളിലൂടെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഐ.എസ് ഓണ്‍ലൈനിലൂടെ നടത്തുന്ന പ്രചാരണങ്ങളെ ചെറുത്തുതോല്‍പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്. ഐ.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍ മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ജീവിതം ജനങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നതിനൊപ്പം ഐ.എസിനെ ചെറുക്കുന്നതിനുള്ള ആഗോള സഖ്യത്തിന്‍െറയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും മാനുഷിക പ്രവര്‍ത്തനങ്ങളും വ്യക്തമാക്കും.
ഐ.എസ്. കേന്ദ്രങ്ങളായ ഇറാഖിനും സിറിയക്കും ഒപ്പം അയല്‍ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നടത്തുന്ന സേവനങ്ങളും കാമ്പയിനിലൂടെ കൂടുതല്‍ പേരിലേക്ക് എത്തിക്കും. ഐ.എസ് അധീനതയിലുള്ള പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവിതം സുഖകരമാണെന്ന രീതിയില്‍ തീവ്രവാദ സംഘം ഓണ്‍ലൈനിലൂടെ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കും. ഐ.എസിന്‍െറ ഭീകര പ്രവര്‍ത്തനങ്ങളും സംഘര്‍ഷങ്ങളും മൂലം നാടുവിടേണ്ടി വന്നവരുടെയും ദുരിതം അനുഭവിക്കുന്നവരുടെയും അവസ്ഥയും ഫോഴ്സ് ടു ഹ്യുമാനിറ്റി കാമ്പയിനിലൂടെ ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കും. ഇറാഖില്‍ ആഭ്യന്തരമായി 32 ലക്ഷം പേര്‍ ജനിച്ച നാടും വീടും വിട്ടോടേണ്ടി വന്നതായി ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഒരു കോടി ഇറാഖികള്‍ അടിയന്തര സഹായം കാത്തിരിക്കുന്നുണ്ട്.
ബ്രിട്ടീഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.35 കോടി സിറിയക്കാര്‍ക്കാണ് അടിയന്തര സഹായം ആവശ്യം ഉള്ളത്. ഇതില്‍ 81 ലക്ഷവും കുട്ടികളാണ്. 65 ലക്ഷം പേര്‍ സിറിയക്കുള്ളില്‍ തന്നെ അഭയാര്‍ഥികളായി മാറിയപ്പോള്‍ 45.9 ലക്ഷം പേര്‍ അയല്‍രാജ്യങ്ങളെ അഭയം പ്രാപിക്കുകയായിരുന്നു. ഇവരില്‍ 21 ലക്ഷം പേര്‍ കുട്ടികളാണ്. ഐ.എസിന്‍െറ ആവിര്‍ഭാവത്തിലൂടെയും സംഘര്‍ഷങ്ങളിലൂടെയും ദുരിതം അനുഭവിക്കുന്ന ഇവര്‍ക്ക് സഹായമത്തെിക്കാനും കാമ്പയിനിലൂടെ ശ്രമിക്കും. യൂനിസെഫ്, യുനെസ്കോ, മറ്റ് സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് 50 ലക്ഷം ഇറാഖി- സിറിയന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും താമസ സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളും ഓണ്‍ലൈന്‍ കാമ്പയിനില്‍ ഇടംപിടിക്കും. സമീപ കാലത്ത് ഐ.എസില്‍ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍ സ്ഥിരത നിലനിര്‍ത്താനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രമിക്കും. 2015 ജൂലൈ എട്ടിന് പ്രവര്‍ത്തനം ആരംഭിച്ച സവാബ് സെന്‍ററിന്‍െറ കാമ്പയിനുകള്‍ ഇതുവരെ 679 ദശലക്ഷം പേര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭീകരവാദത്തിനും ഡിജിറ്റല്‍ തീവ്രവാദത്തിനും എതിരെ പോരാട്ടം കൂടുതല്‍ വിപുലമാക്കുമെന്നും സവാബ് സെന്‍റര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.