ദുബൈയില്‍ 100 കോടി ചെലവില്‍ ലൈബ്രറി വരുന്നു
text_fieldsദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ലൈബ്രറിയും സാംസ്കാരിക കേന്ദ്രവും ദുബൈയില്‍ വരുന്നു. 100 കോടി ദിര്‍ഹം ചെലവില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ സാന്നിധ്യത്തില്‍ തിങ്കളാഴ്ച നടന്നു. മുഹമ്മദ് ബിന്‍ റാശിദ് ലൈബ്രറി എന്ന് പേരിട്ട സ്ഥാപനത്തിന്‍െറ നിര്‍മാണം 2017ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തുറന്നുവെച്ച പുസ്തകത്തിന്‍െറ രൂപത്തില്‍ രൂപകല്‍പന ചെയ്ത ലൈബ്രറി ഉയരുന്നത് ദുബൈ കള്‍ചറല്‍ വില്ളേജിന് സമീപം ജദ്ദാഫിലാണ്. 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏഴുനിലകളോടെയുള്ള ലൈബ്രറിയില്‍ 45 ലക്ഷം പുസ്തകങ്ങള്‍ സംവിധാനിക്കും.
15 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും 20 ലക്ഷം ഇലക്ട്രോണിക് പുസ്തകങ്ങളും 10 ലക്ഷം ഓഡിയോ പുസ്തകങ്ങളും ഇവിടെയുണ്ടാകും. ലോകത്തെങ്ങുമുള്ള 42 ദശലക്ഷം പേര്‍ക്ക് ലൈബ്രറി ഗുണകരമാകും. സാംസ്കാരിക പരിപാടികള്‍, സംവാദങ്ങള്‍, വിദ്യാഭ്യാസ- കലാപരിപാടികള്‍ തുടങ്ങിയവ സ്ഥാപനം കേന്ദ്രീകരിച്ച് നടക്കും.
വൈജ്ഞാനിക രംഗത്ത് അറബ് ലോകം അനുഭവിക്കുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു. സാംസ്കാരികമായി ഉയര്‍ന്നുനില്‍ക്കുന്ന അറബ് ലോകം പഠന രംഗത്ത് പിന്നിലാകാന്‍ പാടില്ല. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അറബ് വായനാപദ്ധതിക്ക് അടുത്തിടെ തുടക്കം കുറിച്ചത്. ലോകോത്തര നിലവാരത്തിലുള്ള ലൈബ്രറി നിലവില്‍ വരുന്നതോടെ കുട്ടികളെയും മറ്റും വായനയിലേക്ക് കൂടുല്‍ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
കലാ- സാംസ്കാരിക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യവും പദ്ധതിയില്‍ സംവിധാനിച്ചിട്ടുണ്ട്. 500 ഇരിപ്പിടങ്ങളുള്ള തിയറ്ററില്‍ പ്രഭാഷണങ്ങളും സെമിനാറുകളും നടത്താന്‍ കഴിയും. അറബ് സാംസ്കാരിക വൈവിധ്യവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന മ്യൂസിയം വേറിട്ട കാഴ്ചയാകും. ചരിത്രപ്രധാനമായ രേഖകളും മറ്റും ഇവിടെ പ്രദര്‍ശിപ്പിക്കും. 2600 ഇരിപ്പിടങ്ങളുള്ള ലൈബ്രറി സ്മാര്‍ട്ട് ആപ്ളിക്കേഷന്‍ അടക്കം അത്യാധുനിക സംവിധാനങ്ങളോടെയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കുട്ടികള്‍, യുവാക്കള്‍, കുടുംബം, വ്യാപാരം, അറബിക്, അന്താരാഷ്ട്രം, ജനകീയം, മള്‍ട്ടിമീഡിയ എന്നീ വിഭാഗങ്ങള്‍ സജ്ജീകരിക്കും.
ഇ ലൈബ്രറിയില്‍ 20 ലക്ഷം തലക്കെട്ടുകളില്‍ പുസ്തകങ്ങള്‍ ഉണ്ടാകും. ഒരുകോടി പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യും. 25,000 പുസ്തകങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തും.
അറബി ഭാഷയെ സംരക്ഷിക്കാനും പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വായന പ്രോത്സാഹിപ്പിക്കാന്‍ അറബ് റീഡിങ് ചലഞ്ചിന്‍െറ ഭാഗമായി പ്രതിവര്‍ഷം 100 പരിപാടികള്‍ നടത്തും. പ്രതിവര്‍ഷം 90 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
