മഞ്ഞണിഞ്ഞ് യു.എ.ഇ
text_fieldsദുബൈ: കനത്ത മൂടല്‍ മഞ്ഞില്‍ ബുധനാഴ്ച യു.എ.ഇയില്‍ വ്യാപകമായി ഗതാഗതം തടസപ്പെട്ടു. വ്യോമഗതാഗതത്തെയാണ് മഞ്ഞ് ഏറ്റവുമധികം ബാധിച്ചത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ പ്രവചിച്ചിരുന്നതു പോലെ 50 മീറ്ററിനപ്പുറത്തേക്ക് കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നു പുലര്‍ച്ചെ മുതല്‍. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ പോലും മഞ്ഞിന്‍െറ പുതപ്പുമൂലം അദൃശ്യമായി. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്നു പേരുകേട്ട ദുബൈ വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചക്ക് ഒന്നു വരെ പുറപ്പെടേണ്ടിയിരുന്ന മുന്നൂറോളം സര്‍വീസുകളുടെ സമയക്രമവും തെറ്റി. അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളിലും ഗതാഗതം തടസപ്പെട്ടു. പുറപ്പെടും മുന്‍പ് വിമാനകമ്പനികളുമായി ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പാക്കണമെന്ന് വിമാനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മുന്നില്‍ പോകുന്ന വാഹനങ്ങളെ കാണാനാവാത്തത് റോഡ് യാത്രികരെ ഏറെ കുഴക്കി. പലരും വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്തിയിട്ടു. പ്രധാന റോഡുകളെല്ലാം കുരുക്കില്‍പ്പെട്ടതോടെ കൂടുതല്‍ പേര്‍ മെട്രോ റെയില്‍ സേവനമാണ് ആശ്രയിച്ചത്. ഏറെ തിരക്കുള്ള മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഷാര്‍ജയിലെ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങള്‍ കുരുങ്ങിക്കിടന്നു.ദുബൈയിലേക്കുള്ള മലിഹ റോഡ്, അബു ദൈദ് റോഡ് എന്നിവിടങ്ങളിലും വലിയ ഗതാഗത സ്തംഭനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും സുരക്ഷിത അകലം പാലിക്കണമെന്നും വേഗത കുറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ദുബൈ പൊലീസ് മുന്നറിയിപ്പു നല്‍കി.
അബൂദബിയില്‍ വിമാനങ്ങള്‍ വൈകി
അബൂദബി: കനത്ത മൂടല്‍മഞ്ഞ് കാരണം ബുധനാഴ്ച അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഒരു മണിക്കൂര്‍ വൈകി. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളിലും വിമാന സര്‍വീസിന് തടസ്സം നേരിട്ടു. പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചക്ക് ന്ന് വരെ മൂന്ന് എമിറേറ്റുകളിലെയും വിമാനത്താവളങ്ങളില്‍നിന്നായി പുറപ്പെടേണ്ടിയിരുന്ന 300ലധികം വിമാനങ്ങളുടെ സര്‍വീസിനെ മൂടല്‍മഞ്ഞ് ബാധിച്ചു.
കാഴ്ചാപരിധി കുറവായതിനാല്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വേഗത വളരെ കുറച്ചാണ് വാഹനങ്ങള്‍ നീങ്ങിയത്. ബുധനാഴ്ച രാവിലെ കാഴ്ചാപരിധി 50 മീറ്ററില്‍ കുറവായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ-ഭൂകമ്പശാസ്ത്ര കേന്ദ്രം അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയും സമാനമായ രീതിയില്‍ മൂടല്‍മഞ്ഞുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച അതിരാവിലെ ഈര്‍പ്പനിലയും വര്‍ധിക്കും. തീരപ്രദേശങ്ങളില്‍ 14 മുതല്‍ 31 വരെ ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും താപനില. ഉള്‍പ്രദേശങ്ങളിലെ താപനില പത്ത് മുതല്‍ 34 വരെ ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.
ഷാര്‍ജയില്‍ നിന്നുള്ള കൊച്ചി,കരിപ്പൂര്‍ വിമാനങ്ങള്‍ മുടങ്ങി
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നുള്ള പല സര്‍വീസുകളും മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ബുധനാഴ്ച വൈകി. കേരളത്തിലേക്കടക്കമുള്ള ചില വിമാനങ്ങള്‍ മുടങ്ങുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് കൊച്ചിയിലേക്ക് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്പ്രസ് ,വൈകീട്ട് 4.20ന് കരിപ്പൂരിലേക്ക് പോകേണ്ട ജെറ്റ് എയര്‍വേഴ്സ് വിമാനങ്ങളാണ് മുടങ്ങിയത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം ഷാര്‍ജയില്‍ എത്താത്തതാണ് കാരണമെന്നാണ് യാത്രക്കാരോട് അധികൃതര്‍ പറഞ്ഞത്. വിസാകാലവധി കഴിഞ്ഞ് നാട്ടിലേക്ക് പോകുന്ന മലപ്പുറം കുന്നകാവ് സ്വദേശികളായ മുഹമ്മദ് ഇഖ്ബാല്‍, ഹംസത്തലി എന്നിവര്‍ക്ക് അധികൃതര്‍ പണം തിരികെ നല്‍കി. ഇവര്‍ പിന്നീട് ദുബൈയില്‍ നിന്നാണ് നാട്ടിലേക്ക് പറന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് പറക്കേണ്ട ജെറ്റ് എയര്‍വേഴ്സും മുടങ്ങിയിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് പൈലറ്റുമാര്‍ക്ക് റണ്‍വെ കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
മഞ്ഞില്‍ കുടുങ്ങി ദുബൈയില്‍ രാവിലെ നാലിനും ഒമ്പതുമണിക്കുമിടയില്‍ 119 റോഡപകടങ്ങളാണുണ്ടായത്. പൊലീസ് ഓപ്പറേഷന്‍ റൂമിലേക്ക് 1892 കോളുകളത്തെി. അബൂദബിയിലോ ഷാര്‍ജയിലോ കാര്യമായ അപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
