പുതുവര്‍ഷം മുതല്‍ കഴിക്കാം ഉപ്പു കുറഞ്ഞ ഖൂബുസ്
text_fieldsദുബൈ: ആഹാരശീലങ്ങള്‍ മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് രൂപം നല്‍കുന്ന ദേശീയതല പോഷകാഹാര കര്‍മപദ്ധതിയിലെ നിര്‍ദേശങ്ങള്‍ പുതുവര്‍ഷം മുതല്‍ നടപ്പാക്കിത്തുടങ്ങും. ആദ്യഘട്ടമായി രാജ്യത്തെ പ്രധാന അടിസ്ഥാന ഭക്ഷണമായ ഖുബൂസ് ഉണ്ടാക്കുമ്പോള്‍ മാവില്‍ ചേര്‍ക്കുന്ന ഉപ്പിന്‍െറ അളവില്‍ കുറവുവരുത്തും.
ഇതിന് ബേക്കറികള്‍ സ്വമേധയാ സമ്മതം അറിയിച്ചിട്ടുണ്ട്. തലസ്ഥാനമായ അബൂദബിയില്‍ നിന്ന് ആരോഗ്യ മന്ത്രാലയത്തിന്‍െറ പോഷകാഹാര വിഭാഗം ശേഖരിച്ച കണക്കുപ്രകാരം ഖുബൂസ് ഉണ്ടാക്കുമ്പോള്‍ ഒരു കിലോ മാവില്‍ 18 ഗ്രാം ഉപ്പാണ് ചേര്‍ക്കുന്നത്. ലോക ആരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത് അഞ്ചുഗ്രാമാണ്. ഖുബൂസിനു പിന്നാലെ പാല്‍ക്കട്ടി, മോര്, അച്ചാര്‍, പൊരി പലഹാരങ്ങള്‍ എന്നിവയിലെ ഉപ്പിന്‍െറ അളവ് കുറച്ചു കൊണ്ടുവരും.
യു.എ.ഇയിലെ ജനങ്ങളുടെ ഉപ്പ് ഉപയോഗത്തില്‍ രണ്ടു വര്‍ഷം കൊണ്ട് 30 ശതമാനം കുറവു വരുത്താനാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം. ഉപ്പ് കുടുതല്‍ ഉപയോഗിക്കുന്നത് നിരവധി കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ വരുത്തിവെക്കുമെന്ന് വിവിധ പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇതിനു പുറമെ പാനീയങ്ങളിലെ പഞ്ചസാരയുടെ അളവും ഭക്ഷണശാലകളിലുപയോഗിക്കുന്ന കൊഴുപ്പും നിയന്ത്രിക്കും.
സ്കൂള്‍ കാന്‍റീനുകളില്‍ കൃത്രിമ പാനീയങ്ങളും ചിപ്സ് ഉള്‍പ്പെടെയുള്ള വിഭവങ്ങളും വില്‍ക്കുന്നതും തടയും. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, അകാല മരണം എന്നിവ പ്രതിരോധിക്കാനാണ് ദേശീയ പോഷകാഹാര കര്‍മപദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
