വത്ബയില്‍ നിറവും രുചിയും ചാലിച്ച പൈതൃകക്കൂട്ട്
text_fieldsഅബൂദബി: വിഭിന്ന സംസ്കാരങ്ങളുടെ സംഗമവേദിയായി മാറിയ ശൈഖ് സായിദ് പൈതൃകോത്സവത്തിലേക്ക് ജനക്കൂട്ടം വന്നലിയുന്നു. വ്യത്യസ്ത രാഷ്ട്രങ്ങളുടെ നിറവും സുഗന്ധവും രുചിയും പരന്നൊഴുകുന്ന ഉത്സവനഗരി കലാ ആവിഷ്കാരങ്ങളാല്‍ സന്ദര്‍കരെ ആകര്‍ഷിക്കുന്നു, സംഗീതത്താലും നൃത്തനൃത്യങ്ങളാലും മനം കവരുന്നു.
ഇന്ത്യയും യു.എ.ഇയും ഉള്‍പ്പടെയുള്ള രാജ്യങ്ങളെ പ്രതിനിധീകരിച്ച് 18 സാംസ്കാരിക ഡിസ്ട്രിക്ടുകളാണ് മേളയിലുള്ളത്. ഒമാന്‍, ബഹ്റൈന്‍, അഫ്ഗാനിസ്താന്‍, ചൈന, സെര്‍ബിയ, കസഖ്സ്താന്‍, റഷ്യ, കുവൈത്ത്, സുഡാന്‍, ഈജിപ്ത്, അള്‍ജീരിയ, മൊറോക്കാ, സൗദി അറേബ്യ, യമന്‍ തുടങ്ങിയ രാജ്യങ്ങളും ഉല്‍പന്നങ്ങളും കലാ ആവിഷ്കാരങ്ങളുമായി ഡിസ്ട്രിക്ടുകള്‍ അണിയിച്ചൊരുക്കിയിരിക്കുന്നു. സാംസ്കാരികമായി തങ്ങള്‍ ഒട്ടും പിന്നിലല്ളെന്ന് സാമ്പത്തികമായി പിന്നാക്കമായ രാജ്യങ്ങളുടെ ഡിസ്ട്രിക്ടുകള്‍ വിളംബരം ചെയ്യുന്നു. സംഘര്‍ഷഭരിതമായ നാട്ടില്‍നിന്നത്തെിയവര്‍ ചുവട് വെച്ച് രസിക്കുന്നത് വെടിയൊച്ച മുഴക്കുന്നവരോടുള്ള പരിഹാസമായി മാറുകയാണ്. വസ്ത്രം, ആഭരണം, പാത്രം, ശില്‍പം തുടങ്ങി ഓരോന്നിലും കലയും കരകൗശലവും സമ്മേളിക്കുന്നു. ഉടുപ്പില്‍ ചിത്രം കോറിയിടുന്നവര്‍, മണിമാല കോര്‍ത്തുകെട്ടുന്നവര്‍, തൊപ്പി തുന്നുന്നവര്‍, മോതിരത്തില്‍ കൊത്തുപണി ചെയ്യുന്നവര്‍, ശില്‍പം വാര്‍ക്കുന്നവര്‍, മൈലാഞ്ചി ഡിസൈന്‍ ചെയ്യുന്നവര്‍, കളിമണ്‍ പാത്രമുണ്ടാക്കുന്നവര്‍, വല നെയ്യുന്നവര്‍... അങ്ങനെ നീളുന്നു ഇവിടുത്തെ വിദഗ്ധരുടെ നിര.

അറേബ്യന്‍ സംസ്കാരത്തിന്‍െറ കഥ പറയാന്‍ ഒട്ടകങ്ങളും കുതിരകളും ഫാല്‍ക്കണുകളും നിരന്നിരിക്കുന്നു. കുതിരകളുടെ അഭ്യാസ പ്രകടനങ്ങളും ആസ്വദിക്കാം. വിവിധ തരം വാഹനങ്ങളുടെ പ്രദര്‍ശനങ്ങള്‍ പല കാലങ്ങളിലേക്ക് കാഴ്ചക്കാരെ ആനയിക്കും. അഫ്ഗാനി ഖുബാലി പോളോകളും ബോസ്നിയന്‍ സെവാപികളും അറബിക് കാപ്പിയും ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളും ഒമാനി ഹല്‍വയും രുചിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. തേന്‍ ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ കലവറ തന്നെയുണ്ട് ഉത്സവ നഗരിയില്‍.
20017 ജനുവരി ഒന്ന് വരെ ശൈഖ് സായിദ് പൈതൃകോത്സവം നീണ്ടുനില്‍ക്കും. എല്ലാ ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി പത്ത് വരെയാണ് ഉത്സവനഗരി പ്രവര്‍ത്തിക്കുന്നത്. ദിവസേന രാത്രി ആറ് മുതല്‍ ഒമ്പത് വരെ ജലധാര നൃത്തവും രാത്രി എട്ടിന് കരിമരുന്ന് പ്രയോഗവും ആസ്വദിക്കാം. നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
അബൂദബി മുഖ്യ ബസ് സ്റ്റേഷനില്‍നിന്ന് വാരാന്ത്യ അവധി ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം മൂന്ന് മുതല്‍ രാത്രി 12 വരെ ഓരോ മണിക്കുര്‍ ഇടവിട്ടും മറ്റു ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ ഇടവിട്ടും പൈതൃകോത്സവ നഗരിയിലേക്ക് ബസുണ്ട്. തിരിച്ച് വാരാന്ത്യ അവധി ദിവസങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ രാത്രി 12 വരെ ഓരോ മണിക്കൂര്‍ ഇടവിട്ടും മറ്റു ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ ഇടവിട്ടും ബസ് സര്‍വീസ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
