28 വര്‍ഷത്തിന് ശേഷം ജോസഫ് സൈമണ് ദുബൈ തടവറയില്‍ നിന്ന് മോചനം
text_fieldsദുബൈ: കൊലക്കേസില്‍ 28 വര്‍ഷം തടവുശിക്ഷ അനുഭവിച്ച ഇന്ത്യക്കാരന് ഒടുവില്‍ മോചനം. മംഗലാപുരം സ്വദേശി ജോസഫ് സൈമണാണ് ദുബൈ ജയിലില്‍ നിന്ന് മോചനം ലഭിച്ചത്. 1988 ല്‍ ജോസഫ് ജോലി ചെയ്തിരുന്ന ക്ളിനിക്കിന്‍െറ മുതലാളിയും ഡോക്ടറുമായജോര്‍ദാന്‍ സ്വദേശി വധിക്കപ്പെട്ട കേസിലാണ് ശിക്ഷിക്കപ്പെട്ടത്. വാഗ്ദാനം ചെയ്ത ശമ്പളത്തില്‍ 500 ദിര്‍ഹം കുറച്ചു തന്ന മുതലാളിയോട് ചോദിക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ വാക് തര്‍ക്കത്തിനിടക്ക് ദേഷ്യം വന്ന് മേശപ്പുറത്ത് ഉണ്ടായിരുന്ന ആഷ്ട്രേ എടുത്ത് ഡോക്ടറുടെ തലക്കിടിക്കുകയായിരുന്നെന്ന് ജോസഫ് സൈമണ്‍ പറയുന്നു. തല്‍ക്ഷണം ബോധരഹിതനായി വീണ ഡോക്ടര്‍ക്ക് വെള്ളം നല്‍കിയെങ്കിലും അമിതമായ രക്തസ്രാവം കണ്ട് പേടിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു.
ആശുപത്രിയിലാക്കിയ ഡോക്ടറുടെ നില ഗുരുതരമായി തുടരവെ നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ചാണ് പിടിക്കപ്പെട്ടത്.
45 ദിവസത്തെ ലോക്കപ്പ് വാസത്തിനിടയിലാണ് ഡോക്ടര്‍ മരിച്ച വിവരം അറിഞ്ഞത്. ഏതാനും ദിവസത്തെ വിചാരണക്ക് ശേഷം 1990 ഫെബ്രുവരി 23 ന് വധശിക്ഷക്ക് വിധിച്ചു. വധ ശിക്ഷ പിന്നീട് അപ്പീല്‍ കോടതി റദ്ദാക്കി. 70,000 ദിര്‍ഹം കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് ദിയാധനം നല്‍കാനും വിധിച്ചിരുന്നു.എന്നാല്‍ അതിനെക്കുറിച്ചു സംസാരിക്കാന്‍ ഡോക്ടറുടെ ബന്ധുക്കള്‍ കൂട്ടാക്കിയിരുന്നില്ല.
ജയില്‍വാസം 20 വര്‍ഷം കടന്നപ്പോള്‍ ഐ.സി.ഡബ്ളിയു.സിയുടെയും സെന്‍റ മേരീസ് ചര്‍ച്ചിന്‍െറയും പിന്തുണയോടെ സാമൂഹിക പ്രവര്‍ത്തകര്‍ ജോസഫിന്‍െറ ജയില്‍ മോചനത്തിന് വേണ്ടി ദയാഹരജികള്‍ നല്‍കി. തുടര്‍ന്ന് 70,000 ദിര്‍ഹം കെട്ടി വെച്ചാല്‍ കൊല്ലപ്പെട്ട ഡോക്ടറുടെ ബന്ധുക്കളില്‍ നിന്ന് മാപ്പ് വാങ്ങി നല്‍കാമെന്ന് കോടതി അറിയിച്ചു.
അത് പ്രകാരമാണ് ഇപ്പോള്‍ ജയില്‍ മോചനം ലഭിച്ചത്. ഒൗട്ട്പാസും ടിക്കറ്റും ഇന്ത്യന്‍ കോണ്‍സുലേറ്റും നല്‍കി. 54 കാരനായ ഇദ്ദേഹം അവിവാഹിതനാണ്. ജയില്‍ വാസത്തിനിടെ മാതാപിതാക്കള്‍ മരണപ്പെട്ടു. നാട്ടില്‍ ചെന്ന് മനുഷ്യാവകാശത്തിലൂന്നിയുള്ള സാമൂഹിക സേവനത്തില്‍ മുഴുകി ശിഷ്ടകാലം ദൈവത്തിലര്‍പ്പിിക്കാനാണ് പരിപാടിയെന്ന് ജോസഫ് സൈമണ്‍ പറഞ്ഞു.