അബൂദബിയിൽ കെട്ടിട വാടക വർധന നിയന്ത്രണ ചട്ടം വീണ്ടും
text_fieldsഅബൂദബി: കെട്ടിടങ്ങളുടെയും വീടുകളുടെയും വാടക മുൻവർഷത്തേതിൽ നിന്ന് അഞ്ചു ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാനാവില്ലെന്ന നിയമം അബൂദബിയിൽ പുനസ്ഥാപിച്ചു. മൂന്നു വർഷം മുൻപ് റദ്ദാക്കിയ വാടക നിയമം 20/2006 വീണ്ടും നിലവിൽ വരുന്ന വിവരം നഗരസഭ– ഗതാഗത കാര്യ വിഭാഗ (ഡി.എം.എ.ടി)മാണ് അറിയിച്ചത്. ഇന്ത്യക്കാരടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്കും ഇടത്തരക്കാർക്കും ഏറെ ആശ്വാസകരമാണ് നടപടി. 2013ൽ നിയമം അസാധുവാക്കിയതു മുതൽ തലസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും വാടക കുത്തനെ കൂടിയിരുന്നു.
പലരും മറ്റ് എമിറേറ്റുകളിലേക്ക് താമസം മാറ്റി ദിവസവും മണിക്കൂറുകൾ യാത്ര ചെയ്ത് ജോലിക്കെത്തി മടങ്ങുന്ന സാഹചര്യവുമുണ്ടായി. എന്നാൽ പിന്നീട് എണ്ണ വിപണിയിലെ വിലയിടിവിനെയും സാമ്പത്തിക മാന്ദ്യത്തെയും തുടർന്ന് വാടക നിരക്ക് കുറഞ്ഞു വന്നു. നൂറു കണക്കിന് മുറികളുള്ള പല ഹൈ റൈസ് കെട്ടിടങ്ങളും ആളില്ലാതെ ഒഴിഞ്ഞു കിടന്നു. അതോടെ കെട്ടിട വാടക രംഗം തളർച്ചയിലായിരുന്നു.
നിയമം പുനസ്ഥാപിച്ചില്ലെങ്കിലും വാടക വർധിക്കാൻ സാധ്യതയില്ലായിരുന്നു എന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. എന്നാൽ വാടക വർധനക്ക് നിയമം മൂലം നിയന്ത്രണം വരുന്നത് പ്രവാസികൾക്കും ഇടത്തരം കുടുംബങ്ങൾക്കും ആശ്വാസകരമാണ്. പല കെട്ടിട ഉടമകളൂം വർഷാവസാനമായതോടെ പത്തും ഇരുപതും ശതമാനം വർധന വരുത്താൻ നീക്കം നടത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നു.
എന്നാൽ നിലവിൽ ഉയർന്ന വാടക ഈടാക്കുന്ന വീട്ടുടമകൾ നിയമത്തെ ദുർവ്യാഖ്യാനം ചെയ്ത് അഞ്ചു ശതമാനം കൂടി വർധന നേടിയെടുക്കാൻ ശ്രമിക്കുമെന്ന് ആശങ്കപ്പെടുന്നവരും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.