ഗ്ളോബല്‍ വില്ളേജില്‍ തിരക്കേറി
text_fieldsദുബൈ: ലോകത്തെ മുഴുവന്‍ ദുബൈയിലേക്ക് ആകര്‍ഷിക്കാനായി ഒരുക്കിയ മിഡിലീസ്റ്റ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിനോദ-ഉല്ലാസ-ഷോപ്പിങ് മേളയായ ഗ്ളോബല്‍ വില്ളേജില്‍ ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷത്തിന് എത്തിയ റെക്കോഡ് ജനക്കൂട്ടം. ഡിസംബര്‍ ഒന്നു മുതല്‍ ആറു വരെ നടന്ന ആഘോഷത്തില്‍ അഞ്ചു ലക്ഷത്തിലേറെ പേരാണ് പങ്കാളികളായത്. പ്രായ ഭേദമന്യേ എല്ലാ തരക്കാര്‍ക്കും ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഗ്ളോബല്‍ വില്ളേജില്‍ ഒരുക്കിയിരുന്നത്.
സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടലും കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ ഷോകളും പുരുഷന്മാര്‍ക്ക് ആസ്വദിക്കാന്‍ പരമ്പരാഗത അറബിക് കാപ്പിയും ഈത്തപ്പഴവും ഒരുക്കിയിരുന്നു. സന്ദര്‍ശകരുടെ അഭൂതപുര്‍വമായ തിരക്കില്‍ സന്തോഷം പ്രകടിപ്പിച്ച ഗ്ളോബല്‍ വില്ളേജ് സി.ഇ.ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഇസ്സ, യു.എ.ഇയുടെ സമ്പന്നമായ പൈതൃകം ലോക നിലവാരത്തിലുള്ള പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞു.
ഒരു ലക്ഷത്തോളം ദേശീയ പതാകകളാണ് ആഘോഷകാലത്ത് ഗ്ളോബല്‍ വില്ളേജ് മുഴുവന്‍ ചതുര്‍വര്‍ണ പ്രഭ പരത്തിയത്. ഇതോടൊപ്പം 45,000 ത്തോളം പതാകകളും ഷാളുകളും സന്ദര്‍ശകര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്തു.
21ാമത് ഗ്ളോബല്‍ വില്ളേജ് അടുത്ത ഏപ്രില്‍ എട്ടുവരെയുണ്ടാകും. ശനി മുതല്‍ ബുധന്‍ വരെ നാലു മണി മുതല്‍ രാത്രി 12 വരെയം വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധികളിലും രാത്രി ഒരു മണിവരെയുമാണ് പ്രവര്‍ത്തന സമയം. തിങ്കളാഴ്ച സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. 15 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.