ജാസിമിന് ആദരം നാളെ: റാസല്‍ഖൈമ ഒരുങ്ങി
text_fieldsറാസല്‍ഖൈമ: ധീര രക്തസാക്ഷി ജാസിം ഈസ അല്‍ ബലൂഷിക്ക് പ്രവാസി ഇന്ത്യക്കാര്‍ വ്യാഴാഴ്ച മരണാനന്തര ആദരമര്‍പ്പിക്കും. ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറയും ‘മീഡിയവണി’ന്‍െറയും നേതൃത്വത്തില്‍ യു.എ.ഇ സാംസ്കാരിക- വിജ്ഞാന വികസന മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ നടക്കുന്ന പരിപാടിക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 300ഓളം പേരെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി അനശ്വരതയിലേക്ക് മറഞ്ഞ ജാസിമിന് ഉചിതമായ ആദരമര്‍പ്പിക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
രാത്രി ഒമ്പതിന് റാസല്‍ഖൈമ കള്‍ചറല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങ് കേരള കൃഷി വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാന്‍ എന്‍ജിനീയര്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി മുഖ്യാതിഥിയായിരിക്കും.
ദുബൈ ഹെല്‍ത്ത് അതോറിറ്റി ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖതാമി, ദുബൈ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മേജര്‍ ഫൈസല്‍ അബ്ദുല്ല അല്‍ ശീഹി, ദുബൈ വിമാനത്താവളം ചീഫ് ഫയര്‍ ഓഫിസര്‍ ഹൈദാന്‍ ബിന്‍യൂന്‍, അറേബ്യന്‍ റേഡിയോ നെറ്റ്വര്‍ക്ക് ജനറല്‍ മാനേജര്‍ മഹ്മൂദ് അല്‍ റശീദ്, അറബ് കവി ശിഹാബ് അല്‍ ഗാനിം, ജാസിമിന്‍െറ പിതാവ് ഈസ അല്‍ ബലൂഷി എന്നിവര്‍ പങ്കെടുക്കും. വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും ചടങ്ങിനത്തെും. വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുടെ പ്രതിനിധികള്‍ ജാസിമിന്‍െറ കുടുംബത്തിന് നന്ദിയോതും.
നവമാധ്യമങ്ങളിലടക്കം വന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞദിവസങ്ങളിലായി നടന്നത്. ഫേസ്ബുകിലൂടെയും വാട്സ്ആപിലൂടെയും ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ കൈമാറുകയാണ് എല്ലാവരും. വിമാനത്തിലെ നിരവധി യാത്രക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു.
യു.എ.ഇ സ്വദേശികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്.
റാസല്‍ഖൈമയിലെ ‘ഗള്‍ഫ് മാധ്യമം വിചാരവേദി’ പ്രവര്‍ത്തകരും പരിപാടി വിജയിപ്പിക്കാന്‍ സജീവമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
