കുട്ടികളുടെ സുരക്ഷക്ക് കര്‍മപദ്ധതിയുമായി റാക് ആഭ്യന്തര മന്ത്രാലയം
text_fieldsറാസല്‍ഖൈമ: വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷക്കായി പ്രത്യേക കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിനായി വിവിധ മന്ത്രാലയങ്ങളുടെ മേധാവികളെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി റാക് ആഭ്യന്തര മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ പ്രത്യേക യോഗം തിങ്കളാഴ്ച റാസല്‍ഖൈമയില്‍ ചേര്‍ന്നു. സ്കൂള്‍ തുറക്കുന്നതോടെ രൂക്ഷമായേക്കാവുന്ന ഗതാഗതക്കുരുക്ക്, വീടുകളില്‍ നിന്ന് സ്കൂളുകളിലേക്കും തിരികെയുമുള്ള വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര, വിദ്യാലയങ്ങളിലും പരിസരങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് വേണ്ട സുരക്ഷ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു യോഗത്തില്‍ നടന്ന മുഖ്യ ചര്‍ച്ചകള്‍.
സ്കൂള്‍ ഡ്രൈവര്‍മാരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ജീവനക്കാരെയും ലക്ഷ്യമിട്ട് പ്രത്യേക ഗതാഗത ബോധവത്കരണ പരിപാടികള്‍ വരും ദിനങ്ങളില്‍ സംഘടിപ്പിക്കുമെന്ന് റാക് പൊലീസ് ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി പറഞ്ഞു. പ്രധാന പാതകളിലും ഉള്‍ റോഡുകളിലുമുള്‍പ്പെടെ 45ഓളം പ്രത്യേക പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തി പ്രത്യേക നിരീക്ഷണം നടത്തും. സ്കൂള്‍ ബസുകള്‍ക്കും ബസ് ജീവനക്കാര്‍ക്കും നിഷ്കര്‍ഷിച്ചിട്ടുള്ള നിയമ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊതുജനങ്ങളും വാഹന ഉടമകളും ശ്രദ്ധിക്കണമെന്നും അപകടരഹിത യാത്രക്ക് ജാഗ്രത പാലിക്കണമെന്നും ഡോ. മുഹമ്മദ് സഈദ് നിര്‍ദേശിച്ചു. സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തി ഗതാഗതബോധവത്കരണ പ്രചാരണം വ്യാപകമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
സെന്‍ട്രല്‍ ഓപറേഷന്‍ വൈസ് ജനറല്‍ ബ്രിഗേഡിയര്‍ ഹസന്‍ ഇബ്രാഹിം അലി, പബ്ളിക് വര്‍ക്സ് ആന്‍ഡ് സര്‍വീസ്, വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയം, സോഷ്യല്‍ ഡെവലപ്പ്മെന്‍റ്, എമിറേറ്റ്സ് അസോസിയേഷന്‍ തുടങ്ങിയവയുടെ മേധാവികളും പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
