ആദ്യ മാസം സ്കൂളുകളില്‍ ക്ളാസ് സമയം ഒരു മണിക്കൂര്‍ കുറച്ചു
text_fieldsഅബൂദബി: പുതിയ അധ്യയന വര്‍ഷത്തിന്‍െറ ആദ്യ ഒരു മാസം സ്കൂളുകളില്‍ ക്ളാസ് സമയം ഒരു മണിക്കൂര്‍ കുറച്ച് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ദുബൈയിലും വടക്കന്‍ മേഖലയിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ പാഠ്യക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു, സ്വകാര്യ സ്കൂളുകള്‍ക്കാണ് ഉത്തരവ് ബാധകം. ഇത്തരം സ്കൂളുകളില്‍ ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള വേനല്‍ക്കാല സമയക്രമീകരണവും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
പുതിയ സമയക്രമീകരണമനുസരിച്ച് ആണ്‍കുട്ടികളുടെ സ്കൂളുകളില്‍ സൈക്ക്ള്‍ ഒന്ന് വിഭാഗത്തിന്‍െറ പ്രവൃത്തിസമയം രാവിലെ 7.15ന് തുടങ്ങി ഉച്ചക്ക് 12.50ന് അവസാനിക്കും. സൈക്ക്ള്‍ രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ 7.15ന് ക്ളാസ് തുടങ്ങി ഉച്ചക്ക് ഒന്നിന് അവസാനിക്കും. പെണ്‍കുട്ടികളുടെ സ്കൂളുകളില്‍ എല്ലാ വിഭാഗത്തിലും രാവിലെ എട്ടിനാണ് ക്ളാസ് ആരംഭിക്കുക. സൈക്ക്ള്‍ ഒന്ന് വിഭാഗത്തില്‍ ഉച്ചക്ക് 1.35നും സൈക്ക്ള്‍ രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ ഉച്ചക്ക് 2.15നും ക്ളാസുകള്‍ അവസാനിക്കും.
എല്ലാ സ്കൂളുകളിലും മുഴുവന്‍ വിഭാഗങ്ങളിലും ആദ്യ പീരിയഡ് ഒഴിച്ച് ബാക്കിയെല്ലാം 40 മിനിറ്റ് ആയിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആദ്യ പീരിയഡ് ദേശീയഗാന സമയമുള്‍പ്പടെ 45 മിനിറ്റായിരിക്കും. രാവിലത്തെ അസംബ്ളി ഉള്‍പ്പെടെയുള്ള ക്ളാസ് പ്രവര്‍ത്തനങ്ങളും ആദ്യ മാസത്തില്‍ റദ്ദാക്കിയിട്ടുണ്ട്.