ദുബൈ നഗരസഭയുടെ ഭക്ഷ്യപരിശോധനാ വിഭാഗം സ്മാര്‍ട്ടാകുന്നു
text_fieldsദുബൈ: ദുബൈ നഗരസഭയുടെ ഭക്ഷ്യപരിശോധനാ വിഭാഗത്തില്‍ സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നഗരസഭയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണോ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതെന്നും ഹലാല്‍ ഉല്‍പന്നങ്ങളാണോയെന്നും പരിശോധിച്ച് ഉറപ്പുവരുത്തും.
സ്വിസ് കമ്പനിയായ സിക്പയുമായി ഇതുസംബന്ധിച്ച കരാറില്‍ ദുബൈ നഗരസഭ ഒപ്പുവെച്ചു. ദുബൈ നഗരസഭ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയും സിക്പ സി.ഇ.ഒയും ചെയര്‍മാനുമായ ഫിലിപ്പ് ഏമനും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്.
സിക്പയുടെ സ്മാര്‍ട്ട് ട്രാക്ക് ആന്‍ഡ് ട്രേസ് സാങ്കേതികവിദ്യയാണ് പരിശോധനകള്‍ക്കായി ഉപയോഗപ്പെടുത്തുക. പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മരുന്നുകള്‍, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ഗുണനിലവാരം ഇത്തരത്തില്‍ പരിശോധിക്കാം. ദുബൈ നഗരസഭയുടെ അംഗീകാരത്തോടെയുള്ള ഉല്‍പന്നങ്ങളാണോ വിപണിയിലുള്ളതെന്ന് ഉപഭോക്താക്കള്‍ക്ക് തന്നെ പരിശോധിച്ച് ഉറപ്പുവരുത്താം. ഉല്‍പന്നങ്ങളുടെ ഉറവിടം തിരിച്ചറിയാനും അംഗീകാരമില്ലാത്ത വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്നറിയാനും ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. ആദ്യഘട്ടത്തില്‍ കുടിവെള്ള ബോട്ടിലുകളും ഹലാല്‍ ഉല്‍പന്നങ്ങളുമായിരിക്കും പരിശോധനക്ക് വിധേയമാക്കുക.
വിപണിയിലുള്ള കുടിവെള്ള ബോട്ടിലുകളുടെയും വെള്ളത്തിന്‍െറയും ഗുണനിലവാരം ഉറപ്പുവരുത്താന്‍ പരിശോധനയിലൂടെ കഴിയുമെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന ബോട്ടിലുകള്‍ വീണ്ടും ഉപയോഗിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കും.
സ്മാര്‍ട്ട് ലേബലിങ്, ലേസര്‍ എന്‍ഗ്രേവിങ് എന്നീ സംവിധാനങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇതോടൊപ്പം വെള്ളത്തിന്‍െറ ഗുണനിലവാരവും പരിശോധിക്കും. വിവിധ ഘട്ടങ്ങളിലായി എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും പരിശോധനക്ക് വിധേയമാക്കും. ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശമനുസരിച്ചാണ് പുതിയ പദ്ധതികള്‍ നഗരസഭ ആവിഷ്കരിച്ചുവരുന്നതെന്നും ഹുസൈന്‍ നാസര്‍ ലൂത്ത കൂട്ടിച്ചേര്‍ത്തു.