അപകടത്തില്‍പെട്ട വിമാനത്തിന്‍െറ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
text_fieldsദുബൈ: വിമാനാപകടത്തെ തുടര്‍ന്ന് താളംതെറ്റിയ ദുബൈ വിമാനത്താവളത്തിലെ സര്‍വീസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സാധാരണ നിലയിലായില്ല. വെള്ളിയാഴ്ച 29 വിമാന കമ്പനികളുടെ ദുബൈയില്‍ നിന്നും തിരിച്ചുമുള്ള 200ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകി. ശനിയാഴ്ച രാവിലെയോടെ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാകുമെന്നാണ് കരുതുന്നത്. അതിനിടെ അപകടത്തില്‍ പെട്ട വിമാനത്തിന്‍െറ ബ്ളാക്ക് ബോക്സ് വ്യാഴാഴ്ച കണ്ടെടുത്തു.
ഇന്ത്യ, ആസ്ത്രേലിയ, പാകിസ്താന്‍, റഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. എമിറേറ്റ്സിന്‍െറ 23,000 യാത്രക്കാരുടെ യാത്ര മുടങ്ങി. അപകടത്തെ തുടര്‍ന്ന് തകരാറിലായ രണ്ടാം റണ്‍വേ ഭാഗികമായി അടച്ചതാണ് സര്‍വീസ് താളംതെറ്റാന്‍ കാരണം. 29 മണിക്കൂറിന് ശേഷം വ്യാഴാഴ്ച വൈകീട്ടോടെ റണ്‍വേ അറ്റകുറ്റപണി നടത്തി തുറന്നിട്ടുണ്ട്. വലിയ വിമാനങ്ങളുടെ സര്‍വീസിനാണ് ഇതുവരെ മുന്‍ഗണന നല്‍കിയിരുന്നത്.
രണ്ട് റണ്‍വേയും പ്രവര്‍ത്തനസജ്ജമായതോടെ വിമാനത്താവളം അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയാണ്. അപകടത്തില്‍ പെട്ട ബോയിങ് 777 വിമാനത്തിന്‍െറ ബ്ളാക്ക് ബോക്സ് വിമാനാപകട അന്വേഷണ സംഘം വ്യാഴാഴ്ചയാണ് കണ്ടെടുത്തതെന്ന് ദുബൈ എയര്‍പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് പോള്‍ ഗ്രിഫിത്സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിമാനത്തിന്‍െറ പൈലറ്റും എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന കോക്പിറ്റ് വോയിസ് റെക്കോഡറും വിമാനത്തെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫൈ്ളറ്റ് ഡാറ്റ റെക്കോഡറുമാണ് വീണ്ടെടുത്തത്. യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബ്ളാക്ക് ബോക്സ് അബൂദബിയിലെ ലബോറട്ടറിയിലേക്ക് മാറ്റും.
ഇതിലുള്ള വിവരങ്ങള്‍ അപഗ്രഥിച്ച് അപകടത്തിന്‍െറ കാരണം കണ്ടത്തെും. ഒരുമാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് അതോറിറ്റി അറിയിച്ചത്. അന്തിമ റിപ്പോര്‍ട്ട് പുറത്തുവരാന്‍ മൂന്നുമുതല്‍ അഞ്ചുമാസം വരെയെടുക്കും. അപകടത്തില്‍ പെട്ട വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ രണ്ടാം റണ്‍വേയുടെ അറ്റത്താണ് കിടന്നിരുന്നത്. അത് അവിടെ നിന്ന് പരിശോധനകള്‍ക്കായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.