ഏഷ്യന്‍ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന് ദുബൈയില്‍ തുടക്കം
text_fieldsദുബൈ: ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നിസിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തുടക്കമായി. ഒളിമ്പിക്സിന് മുന്നോടിയായി ലോക താരങ്ങള്‍ പങ്കെടുക്കുന്ന പ്രമുഖ ടൂര്‍ണമെന്‍റാണിത്. ആദ്യ ദിവസം നടന്ന വിവിധ മത്സരങ്ങളില്‍ ഇന്ത്യയുടെ വനിതാ താരം മണിക ബത്ര, പുരുഷ താരം സൗമ്യജിത് ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ വിജയിച്ചു. ആദ്യ റൗണ്ടില്‍ 11-7,11-4,11-3 എന്ന സ്കോറിന് യൂ.എ.ഇയുടെ മജ്ദ് അല്‍ ബലൂഷിയൊയാണ് മണിക തോല്‍പ്പിച്ചത്. സൗമ്യജിത് ഘോഷ് വാശിയേറിയ മത്സരത്തില്‍ സിംഗപ്പൂരിന്‍െറ ക്ളാറന്‍സ് ച്യൂവിനെ തകര്‍ത്തു. സ്കോര്‍: 11-9,8-11,11-9, 12-10.
ലോക റാങ്കിങ്ങില്‍ ആദ്യ പത്തില്‍ വരുന്ന അഞ്ചു താരങ്ങളും നാലു വനിതകളും മൂന്നു ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നുണ്ട്. 2012 ലെ ഒളിമ്പിക്സിലെ പുരുഷ വനിതാ വിഭാഗങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ ഴാങ് ജിക്ക്, ലി ഷിയാവോഷിയ എന്നിവരും ദുബൈയിലത്തെിയിട്ടുണ്ട്.
ചൈന, തായ്വന്‍, ഹോങ്കോങ്ങ്, ഇന്ത്യ, ഇറാന്‍, ജപ്പാന്‍, ഖത്തര്‍, കൊറിയ, സിംഗപ്പൂര്‍, തായ്ലന്‍റ്, യു.എ.ഇ തുടങ്ങി 11 രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ഏഷ്യന്‍ കിരീടം തേടി റാക്കറ്റേന്തുന്നത്. ട്രേഡ് സെന്‍ററിലെ സഅ്ബീല്‍ ഹാള്‍ ഒന്നിലെ നാലു മേശകളിലായാണ് മത്സരം.വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ മത്സരങ്ങളുണ്ടാകും. ശനിയാഴ്ചയാണ് ഫൈനല്‍. പ്രവേശം സൗജന്യമാണ്.