അപകടത്തില്‍ കാല്‍ നഷ്ടമായ യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം
text_fieldsദുബൈ: ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട തമിഴ് യുവാവിന് ആറു ലക്ഷം ദിര്‍ഹം (ഒരു കോടിയലധികം രൂപ) നഷ്ട പരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധിച്ചു.
ദുബൈ സലാഹുദ്ദീന്‍ സ്ട്രീറ്റില്‍ റോഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തമിഴ്നാട് സ്വദേശിയായ സെല്‍വേന്ദ്രനാണ് ജോലി സ്ഥലത്ത് സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനം തട്ടി വലതുകാലിന് സാരമായി പരിക്കേറ്റത്. ഷാര്‍ജയിലെ ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയിലെ തൊഴിലാളിയായിരുന്നു സെല്‍വേന്ദ്രന്‍. പഞ്ചാബി ഡ്രൈവറാണ് അപകടത്തിന് കാരണക്കാരന്‍.
സെല്‍വേന്ദ്രനെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പല ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ശസ്ത്രക്രിയയിലൂടെ വലതുകാല്‍ രക്ഷിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ മുട്ടിനു താഴെവെച്ച് മുറിച്ചു മാറ്റുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് ദുബൈ അല്‍ക്കബ്ബാന്‍ അഡ്വക്കേറ്റ്സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു. ഇതിലാണ് ആറ് ലക്ഷം ദിര്‍ഹം ഒമ്പത് ശതമാനം പലിശ സഹിതം നല്‍കാന്‍ ദുബൈ സിവില്‍ കോടതി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ വിധി പ്രസ്താവിച്ചത്.
അപകടം വരുത്തിയ ഡ്രൈവറെ ക്രിമിനല്‍ കോടതി ആറു മാസം തടവിനും തുടര്‍ന്ന് നാടുകടത്താനും ശിക്ഷിച്ചിരുന്നു. എന്നാല്‍ പ്രതി ഫയല്‍ ചെയ്ത അപ്പീലില്‍ തടവുശിക്ഷയും നാടുകടത്തലും ഒഴിവാക്കി 10,000 ദിര്‍ഹം പിഴയടക്കാന്‍ അപ്പീല്‍ കോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.