ത്രിമാന അച്ചടി വിപ്ളവത്തിനൊരുങ്ങി യു.എ.ഇ
text_fieldsദുബൈ: കെട്ടിട നിര്‍മാണ രംഗത്ത് ത്രിമാന അച്ചടി സാങ്കേതിക വിദ്യ വ്യാപകമാക്കാനൊരുങ്ങി യു.എ.ഇ. 2030ഓടെ ദുബൈയിലെ 25 ശതമാനം കെട്ടിടങ്ങളും ത്രിമാന അച്ചടി സാങ്കേതികവിദ്യയുടെ പിന്തുണയോടെയാകും നിര്‍മിക്കുകയെന്ന് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. ‘ദുബൈ ത്രീഡി പ്രിന്‍റിങ് സ്ട്രാറ്റജി’ അദ്ദേഹം പുറത്തിറക്കി. ഈ സാങ്കേതികവിദ്യ കെട്ടിട നിര്‍മാണ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

വീടുകളും തെരുവുകളും കാറുകളും വസ്ത്രങ്ങളും വരെ ഇത്തരത്തില്‍ രൂപകല്‍പന ചെയ്യാന്‍ കഴിയുന്നത് വന്‍ പുരോഗതിക്ക് വഴിതെളിക്കും. നിര്‍മാണ മേഖലയില്‍ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ സാധിക്കുന്നതിലൂടെ ചെലവ് ഗണ്യമായി കുറയും. പരമ്പരാഗത രീതികളേക്കാള്‍ 10 ശതമാനം ഉല്‍പാദനക്ഷമത കൂടും. വളരെ വേഗം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പരിസ്ഥിതിക്ക് ഹാനികരമായ രീതിയില്‍ മാലിന്യങ്ങള്‍ പുറന്തള്ളുന്നതും ഒഴിവാക്കാം. അവശ്യവസ്തുക്കളും മരുന്നും നിര്‍മിക്കാന്‍ ഭാവിയില്‍ ത്രിമാന സാങ്കേതികവിദ്യ ഉപയോഗിക്കും. ത്രിമാന സാങ്കേതികവിദ്യാ രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളും ദുബൈ കേന്ദ്രമാക്കി നടത്തും. ലോകത്തെ മറ്റുരാജ്യങ്ങള്‍ക്ക് മാതൃകയായി ദുബൈ മാറും.

ഇതിനായി സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ കമ്പനികളും സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, കാബിനറ്റ്- ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി തുടങ്ങിയവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
എന്താണ് ത്രിമാന അച്ചടി
കുറഞ്ഞ ചെലവിലും വളരെ വേഗത്തിലും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ് ത്രിമാന അച്ചടി സാങ്കേതികവിദ്യ. കമ്പ്യൂട്ടറില്‍ രൂപകല്‍പന ചെയ്യുന്ന കെട്ടിട ഭാഗങ്ങള്‍ യന്ത്രസഹായത്തോടെ നിര്‍മിച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. കമ്പ്യൂട്ടറില്‍ ഒരു ചിത്രം രൂപകല്‍പ്പന ചെയ്ത് കടലാസില്‍ പ്രിന്‍റ് എടുക്കും പോലെ കെട്ടിടത്തിന്‍െറയും മറ്റും ഭാഗങ്ങള്‍ കമ്പ്യൂട്ടറില്‍ രൂപകല്‍പ്പന ചെയ്ത് വലിയ ത്രിമാന അച്ചടി യന്ത്രത്തില്‍ പ്രിന്‍െറടുക്കുമ്പോള്‍ ആ രൂപങ്ങള്‍ തയാറായി വരും.

പദ്ധതി മൂന്ന് പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ച്
ദുബൈ: മൂന്ന് പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ത്രിമാന അച്ചടി സാങ്കേതിക വിദ്യ നടപ്പാക്കുകയെന്ന് ‘ദുബൈ ത്രീഡി പ്രിന്‍റിങ് സ്ട്രാറ്റജി’ വിശദീകരിക്കുന്നു. കെട്ടിട നിര്‍മാണം, മെഡിക്കല്‍ ഉപകരണ നിര്‍മാണം, അവശ്യവസ്തു നിര്‍മാണം എന്നിവക്കായിരിക്കും പ്രധാനമായും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക. 2025ഓടെ 300 കോടി ദിര്‍ഹമിന്‍െറ കെട്ടിട നിര്‍മാണമാണ് ത്രിമാന സഹായത്തോടെ പ്രതീക്ഷിക്കുന്നത്. വൈദ്യ മേഖലയില്‍ കൃത്രിമ പല്ലുകള്‍, എല്ലുകള്‍, അവയവങ്ങള്‍, ശ്രവണ സഹായികള്‍ തുടങ്ങിയവ നിര്‍മിക്കും. 2025ഓടെ 170 കോടി ദിര്‍ഹമിന്‍െറ ഇടപാടുകള്‍ ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നു. ഫാസ്റ്റ്ഫുഡ്, കുട്ടികളുടെ കളിയുപകരണങ്ങള്‍, ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന അവശ്യവസ്തു മേഖലയില്‍ 280 കോടിയുടെ ഇടപാടുകളും.
പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, നിയമനിര്‍മാണം, ഫണ്ടിങ്, വൈദഗ്ധ്യം, മാര്‍ക്കറ്റ് ഡിമാന്‍ഡ് എന്നിവ ഉറപ്പാക്കും. ദുബൈ നഗരസഭ, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ ഹോള്‍ഡിങ് എന്നിവയുടെ പിന്തുണയുണ്ടാകും. പൊതു- സ്വകാര്യ പങ്കാളിത്തവുമുണ്ടാകും. നിശ്ചയിച്ച സമയപരിധിക്കകം ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ മുഖ്യ പങ്ക് വഹിക്കും.
ആഗോളതലത്തില്‍ ത്രിമാന അച്ചടി സാങ്കേതികവിദ്യയുടെ വിപണി മൂല്യം 2020ഓടെ 120 ബില്യണ്‍ ഡോളറിലത്തെുമെന്ന് പ്രതീക്ഷിക്കുന്നു. നിര്‍മാണ രംഗത്ത് 50 മുതല്‍ 70 ശതമാനം വരെ കുറവുണ്ടാക്കാന്‍ സാങ്കേതികവിദ്യക്ക് സാധിക്കും. തൊഴിലാളികളുടെ കൂലിയിനത്തില്‍ 50 മുതല്‍ 80 ശതമാനം വരെയും കുറവുണ്ടാകും. നോര്‍ത്ത് അമേരിക്ക, ജപ്പാന്‍, ജര്‍മനി, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ വന്‍ തുകയാണ് ത്രിമാന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
