യു.എ.ഇ തൊഴില്‍ കരാര്‍ സ്വന്തം രാജ്യങ്ങളില്‍ ഒപ്പുവെക്കാം, വിസ സ്വന്തമാക്കാം
text_fieldsഅബൂദബി: യു.എ.ഇയിലേക്ക് ജോലിക്കായി വരുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ വെച്ച് തന്നെ തൊഴില്‍ കരാര്‍ ഒപ്പുവെക്കുന്നതിനും വിസ സ്വന്തമാക്കുന്നതിനും അവസരം ഒരുങ്ങുന്നു. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്‍െറ സേവന കേന്ദ്രങ്ങളിലൂടെയാണ് തൊഴിലാളികള്‍ക്ക് കരാര്‍ ഒപ്പുവെക്കുന്നതിനും വിസ സ്വന്തമാക്കുന്നതിനും സൗകര്യം ലഭ്യമാക്കുന്നത്.
അധികം വൈകാതെ ഈ സംവിധാനം നിലവില്‍ വരും. മനുഷ്യവിഭവശേഷി- സ്വദേശിവത്കരണ വകുപ്പും വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും സംയുക്തമായാണ് ഇതിനുള്ള നടപടികള്‍ കൈക്കൊള്ളുക. മനുഷ്യവിഭവശേഷി- സ്വദേശിവത്കരണ വകുപ്പിന്‍െറ അബൂദബിയിലെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് വിദേശങ്ങളില്‍ സേവന കേന്ദ്രങ്ങളിലൂടെ വിസ നല്‍കുന്നത് സംബന്ധിച്ച വിഷയം മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് അവതരിപ്പിച്ചത്. രണ്ട് മന്ത്രാലയങ്ങളില്‍ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗം പദ്ധതി വിലയിരുത്തുകയും ചെയ്തു.
ഇത്തരം സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുമെന്ന് സഖര്‍ ഗോബാശ് പറഞ്ഞു. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശ പ്രകാരം കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇത്തരം പദ്ധതികളിലൂടെ യു.എ.ഇയിലെ സ്വകാര്യ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ കരാറിനെ കുറിച്ചും ഉത്തരവാദിത്തങ്ങളെയും അവകാശങ്ങളെയും പറ്റിയും അവബോധമുണ്ടാകും. തൊഴിലാളിക്ക് മനസ്സിലാകുന്ന ഭാഷയില്‍ എല്ലാ കാര്യങ്ങളും ലഭ്യമാക്കാനും സാധിക്കും. രണ്ട് മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെ തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ സുതാര്യമായ ബന്ധമുണ്ടാകുകയും ചെയ്യും. ഇതോടൊപ്പം വിദേശങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്‍റ് യു.എ.ഇ സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തിലാകുന്നതോടെ വിവിധ തട്ടിപ്പുകള്‍ ഒഴിവാക്കാനും സാധിക്കുമെന്ന് മന്ത്രി സഖര്‍ ഗോബാഷ് പറഞ്ഞു.
മൂന്ന് ഘട്ടത്തിലായാണ് വിസ സേവന കേന്ദ്രങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ആരംഭിക്കുകയെന്ന് വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ കോണ്‍സുലാര്‍ അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് സഈദ് അല്‍ ദാഹിരി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ശ്രീലങ്ക, ഇന്തോനേഷ്യ, കെനിയ, ബംഗ്ളാദേശ് എന്നിവിടങ്ങളിലാണ് വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുക. രണ്ടാം ഘട്ടത്തില്‍ ഇന്ത്യയില്‍ നാല് എണ്ണമടക്കം പത്ത് സേവന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഈജിപ്ത്, തുനീഷ്യ, ലെബനന്‍, സെനഗല്‍, നൈജീരിയ എന്നിവിടങ്ങളിലാണ് മറ്റ് കേന്ദ്രങ്ങള്‍. മൂന്നാം ഘട്ടത്തില്‍ ഇന്ത്യയില്‍ മൂന്ന് കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കും. പാകിസ്താനില്‍ മൂന്നും ഈജിപ്ത്, നൈജീരിയ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രവും വീതവും തുടങ്ങും. ഈ വര്‍ഷം തന്നെ ഒന്നും രണ്ടും ഘട്ടത്തിലുള്ള കേന്ദ്രങ്ങള്‍ തുടങ്ങും.
അടുത്ത വര്‍ഷത്തോടെ മുഴുവന്‍ സേവന കേന്ദ്രങ്ങളും പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മെഡിക്കല്‍ പരിശോധന, വിരലടയാളം രേഖപ്പെടുത്തല്‍, വിസ രേഖകളുടെ പരിശോധന തുടങ്ങിയവ സേവന കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെ പാസ്പോര്‍ട്ട്- വിസ തട്ടിപ്പുകള്‍ പൂര്‍ണമായി ഇല്ലാതാക്കാനും നാടുകടത്തപ്പെട്ടവര്‍ വീണ്ടും വരുന്നത് ഒഴിവാക്കാനും സാധിക്കും.
സേവന കേന്ദ്രങ്ങളില്‍ ഉന്നത നിലവാരമുള്ള ചിത്രവും ഐ സ്കാന്‍ എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.