മിഡിലീസ്റ്റിലെ ഏറ്റവും വലിയ തീം പാര്‍ക്ക് ദുബൈയില്‍ ഒരുങ്ങുന്നു
text_fieldsദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ തീം പാര്‍ക്കിന്‍െറ നിര്‍മാണം ജബല്‍ അലിയില്‍ അന്തിമഘട്ടത്തില്‍. ഒക്ടോബറില്‍ തുറന്നുകൊടുക്കാനാവും വിധമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കഴിഞ്ഞദിവസം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
ഹോളിവുഡ് മാതൃകയിലുള്ള മോഷന്‍ഗേറ്റ് തീം പാര്‍ക്ക്, ദുബൈ ബോളിവുഡ് പാര്‍ക്സ് ആന്‍ഡ് ലീഗോലാന്‍ഡ്, വാട്ടര്‍ തീം പാര്‍ക്ക് എന്നിവയടങ്ങുന്ന വമ്പന്‍ പദ്ധതിയാണ് ശൈഖ് സായിദ് റോഡരികിലെ 25 ദശലക്ഷം ചതുരശ്ര അടി സ്ഥലത്ത് ഒരുങ്ങുന്നത്.
മൂന്ന് പാര്‍ക്കുകളും റിവര്‍ലാന്‍റ് ദുബൈ എന്ന റീട്ടെയില്‍ ഡിസ്ട്രിക്റ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. റീട്ടെയില്‍ ഷോപ്പുകള്‍, റസ്റ്റോറന്‍റുകള്‍, വിനോദോപാധികള്‍, ആഡംബര ഹോട്ടലായ ലാപിറ്റ എന്നിവയാണ് റീട്ടെയില്‍ ഡിസ്ട്രിക്റ്റിലുള്ളത്.
ദുബൈക്കും അബൂദബിക്കും ഇടയില്‍ പാം ജബല്‍ അലിയോട് ചേര്‍ന്നാണ് 1000 കോടി ദിര്‍ഹം ചെലവില്‍ തീം പാര്‍ക്ക് ഉയരുന്നത്. ലോകമെമ്പാടുനിന്നും എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുടുംബത്തോടൊപ്പം ഒത്തൊരുമിച്ച് ഉല്ലസിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കുന്നതെന്ന് ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹബ്ബാഇ പറഞ്ഞു.

പാര്‍ക്കുകളുടെ നിര്‍മാണ പ്രവര്‍ത്തനം 88 ശതമാനവും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ 70 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.
പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശൈഖ് മുഹമ്മദ് സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു. നിക്ഷേപകരെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കാന്‍ പദ്ധതിക്ക് കഴിയും. എക്സ്പോ 2020 വേദിക്കരികിലാണ് തീം പാര്‍ക്കെന്നതിനാല്‍ പ്രദേശത്തിന്‍െറ വികസനത്തിന് പദ്ധതി വഴിവെക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബൈ സിവില്‍ ഏവിയേഷന്‍- എക്സ്പോ ഹയര്‍കമ്മിറ്റി ചെയര്‍മാനും എമിറേറ്റ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടിവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം, യു.എ.ഇ അന്താരാഷ്ട്ര സഹകരണ മന്ത്രിയും എക്സ്പോ ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാശിമി, ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത, ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായിര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മര്‍റി എന്നിവരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
