‘ഫോസ ദുബൈ‘ രജത ജൂബിലി ആഘോഷിച്ചു
text_fieldsദുബൈ: ഇന്ത്യയിലെയും കേരളത്തിലെയും വിദ്യഭ്യാസ സമ്പ്രദായം 21ാം നൂറ്റാണ്ടിന് ചേര്‍ന്നതല്ളെന്ന് നയതന്ത്രവിദഗ്ധനും കേരള ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ഡോ. ടി.പി.ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ഇനിയും കണ്ടുപിടിക്കാത്ത സാങ്കേതിക വിദ്യയിലേക്കും സംവിധാനങ്ങളിലേക്കും ഇതുവരെ നേരിടാത്ത പ്രശ്നങ്ങളിലേക്കുമാണ് നമ്മുടെ കുട്ടികളെ ഒരുക്കേണ്ടത്. 21ാം നൂറ്റാണ്ടിലെ വെല്ലുവിളികളെയും അവസരങ്ങളെയും നേരിടാന്‍ പ്രാപ്തരാക്കും വിധത്തില്‍ പുതിയ തലമുറയെ ഒരുക്കുന്നതായിരിക്കണം വിദ്യഭ്യാസം. അതിനാവശ്യമായ വിഭവങ്ങളും സര്‍വകലാശാലകളുമാണ് നമുക്കുവേണ്ടത്-ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ‘ഫോസ’യുടെ ദുബൈ ചാപ്റ്ററിന്‍െറ രജത ജൂബിലി ആഘോഷ ചടങ്ങില്‍ ‘ഉന്നത വിദ്യഭ്യാസ രംഗത്തെ അവസരങ്ങള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.
പഴഞ്ചന്‍ ബോധന രീതിയില്‍ തന്നെയാണ് നമ്മളിപ്പോഴും. മാതാപിതാക്കള്‍ പഠിച്ച രീതിയില്‍ തന്നെയാണ് മക്കളും പഠിക്കുന്നത്. പ്രബന്ധം എഴുതുകയാണ് നമ്മുടെ കുട്ടികള്‍ ഇപ്പോഴും.ഇവര്‍ക്കെങ്ങനെ വിദഗ്ധരും തീരുമാനമെടുക്കാന്‍ കഴിവുള്ളവരുമാകാന്‍ സാധിക്കും. 20ഓ 30 ഓ വര്‍ഷം മുമ്പ് ബിരുദം നേടിയ അധ്യാപകര്‍ അവര്‍ പഠിച്ച അതേ മാതൃകയിലാണ് പഠിപ്പിക്കുന്നത്. ലോകത്തെ മികച്ച സര്‍വകലാശാലകളിലെ ക്ളാസുകള്‍ അതേപോലെ സൗജന്യമായി ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭിക്കും. എത്ര അധ്യാപകര്‍ ഇക്കാര്യം വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകളെ എന്തിന് നമ്മള്‍ ഭയക്കണം. വിദ്യഭ്യാസ ചിന്തകര്‍ക്കും സ്വപ്നങ്ങളുണ്ടാകണം. എന്നാലേ നമുക്ക് മുന്നോട്ടു നീങ്ങാനാകൂ. കഴിഞ്ഞ നാലര വര്‍ഷമായി താന്‍ പുതിയൊരു വിദ്യഭ്യാസ രീതിയെക്കുറിച്ച് സ്വപ്നം കാണുകയാണ്.
മക്കള്‍ക്ക് അവരുടെ ഭാവി തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ വിട്ടുകൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഓരോ നിയോഗമുണ്ട്. സ്വപ്നമുണ്ടെങ്കില്‍ മാത്രമേ നിയോഗം സഫലമാക്കാനാകൂ. അഭിലാഷമുണ്ടെങ്കിലോ സ്വപ്നമുണ്ടാകൂ. അഭിലാഷവും സ്വപ്നവും നിയോഗവും എന്നതാണ് വിജയ പാത. മക്കളുടെ നിയോഗത്തിലേക്ക് എത്തിക്കുന്നതില്‍ നമ്മള്‍ക്കെല്ലാവര്‍ക്കും വലിയ പങ്കുണ്ട്.
സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല. സ്വപ്നം കാണുന്നതില്‍ തന്നെ ആനന്ദമുണ്ട്. അത് സഫലമായില്ളെങ്കിലും. സ്വപ്നം കടുത്തതാണെങ്കില്‍ യാഥാര്‍ഥ്യം ചിലപ്പോള്‍ സ്വപ്നത്തേക്കാള്‍ മനോഹരമാകും. കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. പക്ഷെ തീരുമാനമെടുക്കുകയും മക്കളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതാണ് അവര്‍ വരുത്തുന്ന പിഴവ്. ഡോക്ടറും എന്‍ജിനീയറും ആകണമെന്ന് പറയുന്ന മാതാപിതാക്കള്‍ മക്കളോട് കവിയാകാനും എഴുത്തുകാരനാകാനും ഫോട്ടോഗ്രാഫറാകാനും പറയുന്നില്ല-ടി.പി.ശ്രീനിവാസന്‍ പറഞ്ഞു.
നേരത്തെ ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം രജത ജൂബില ആഘോഷം ‘ഫൊസ്റ്റാള്‍ജിയ’ ഉദ്ഘാടനം ചെയ്തു. കലാലയത്തിന്‍െറ സല്‍പ്പേര്‍ അളക്കാനുള്ള യഥാര്‍ഥ മാനദണ്ഡം പൂര്‍വ വിദ്യാര്‍ഥികള്‍ അവരുടെ മക്കളെ അതേ കലാലയത്തില്‍ അയക്കുന്നുണ്ടോ എന്നു നോക്കലാണെന്നും ഇക്കാര്യത്തില്‍ ഫാറൂഖ് കോളജ് വളരെ മുന്നിലാണെന്ന് ഈ സദസ്സ് സാക്ഷ്യപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
തന്നെയും സഹോദരന്‍ ടി.പി.ശ്രീനിവാസനെയും ഒന്നിച്ച് ഒരു വേദിയില്‍ എത്തിച്ചതിന് സംഘാടകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ടി.പി.സീതാറാം പ്രസംഗം അവസാനിപ്പിച്ചത്. ഇത് ഒരപൂര്‍വ അവസരമാണ്. ഏതാനും മാസങ്ങള്‍ക്കകം വിരമിക്കാന്‍ പോകുന്ന തനിക്ക് ഇനി ഇതുപോലുള്ള അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ ഖിസൈസ് ന്യൂ വേള്‍ഡ് പ്രൈവറ്റ ് സ്കൂളില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ പത്മശ്രീ ഡോ.ആസാദ് മൂപ്പന്‍ അധ്യക്ഷത വഹിച്ചു.
ദുബൈ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഇബ്രാഹിം യാഖൂബ്, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഇമ്പിച്ചികോയ, മാനേജിങ് കമ്മറ്റി വൈസ് പ്രസിഡന്‍റ് കെ. കുഞ്ഞലവി, ട്രഷറര്‍ സി.പി കുഞ്ഞുമുഹമ്മദ്, മുന്‍ പ്രിന്‍സിപ്പല്‍ കുട്ട്യാലിക്കുട്ടി, ഫോഡറ്റ് ഡയറക്ടര്‍ കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഫോസ സില്‍വര്‍ ജൂബിലി സുവനീര്‍ പ്രകാശനം ഇ.പി.മൂസ ഹാജിക്ക് കോപ്പി നല്‍കി ടി.പി.സീതാറാം നിര്‍വഹിച്ചു. സഅ്ബീല്‍ അഡ്മിനിസ്ട്രേറ്റര്‍ റിയാസ് ചേലേരി അംബാസഡര്‍ ടി.പി.സീതാറാമിനെ ആദരിച്ചു. പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ നഹ, സലാഹുദ്ദീന്‍, ഇ.വി.പി.സി.അബ്ദുല്ല, ഡോ.ടി.അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഫോസ ദുബൈ പ്രസിഡന്‍റ് ജമീല്‍ ലത്തീഫ് സ്വാഗതവും മലയില്‍ മുഹമ്മദലി നന്ദിയും പറഞ്ഞു.
ബാംഗ്ളൂര്‍ അസ്ലമും സംഘവും ഒരുക്കുന്ന സംഗീത നിശയും അംഗങ്ങളുടെയും മറ്റും കലാപരിപാടികളുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
