2014- 16 കാലയളവില്‍ ഇത്തിസാലാത്തില്‍ ജോലി നഷ്ടമായത് 806 പ്രവാസികള്‍ക്ക്
text_fieldsഅബൂദബി: രാജ്യത്ത് പ്രമുഖ ടെലികോം കമ്പനിയായ ഇത്തിസാലാത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 806 പ്രവാസികളെ 2014- 16 കാലയളവില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. എട്ട് ഇമാറാത്തി ജീവനക്കാരെയും ഈ കാലയളവില്‍ ഒഴിവാക്കിയതായി കമ്പനി ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിനെ (എഫ്.എന്‍.സി) അറിയിച്ചു. മോശം സ്വഭാവം, കമ്പനി നിയമങ്ങള്‍ അംഗീകരിക്കാതിരിക്കല്‍, തൊഴില്‍ ആവശ്യകതക്ക് യോജിക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് എട്ട് ഇമാറാത്തികളെ ഒഴിവാക്കിയതെന്ന് ഇത്തിസാലാത്ത് ചീഫ് എക്സിക്യൂട്ടീവ് സാലെഹ് അല്‍ അബ്ദൂലി എഫ്.എന്‍.സിയെ രേഖാമൂലം അറിയിച്ചു.
ഇത്തിസാലാത്തില്‍ അധിക ജീവനക്കാര്‍ ഉള്ളത് അടക്കം വിഷയങ്ങള്‍ സംബന്ധിച്ച് എഫ്.എന്‍.സി അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് രേഖാമൂലമുള്ള മറുപടി നല്‍കിയത്. ഈ കാലയളവില്‍ 218 സ്വദേശികളെയും 435 പ്രവാസികളെയും ഇത്തിസാലാത്തില്‍ ജോലിക്കെടുക്കുകയും ചെയ്തിട്ടുണ്ട്. ചില മേഖലകളില്‍ നൈപുണ്യവും വൈദഗ്ധ്യവും ഉള്ളവര്‍ ആവശ്യമുണ്ടെന്നും അന്താരാഷ്ട്ര വിദഗ്ധരെ ആവശ്യമുള്ളതിനാലാണ് പ്രവാസികളെ നിയമിച്ചതെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്്.
രാജ്യത്തെ മറ്റേത് വാണിജ്യ സ്ഥാപനത്തേക്കാളും കുറവ് സ്വദേശികളാണ് ഇത്തിസാലാത്തില്‍ നിന്നും രാജിവെച്ചത്. സ്വദേശികള്‍ രാജിവെച്ച പദവികളിലേക്ക് ഇമാറാത്തികളെ തന്നെയാണ് നിയമിച്ചത്. ഇത്തിസാലാത്ത് ജീവനക്കാരുടെ ഉന്നത യോഗ്യതയാണ് രാജിക്ക് കാരണം. മികച്ച പദവികള്‍ വാഗ്ദാനം ചെയ്ത സ്ഥാപനങ്ങളിലേക്ക് ഇവര്‍ മാറുകയായിരുന്നുവെന്നും സാലെഹ് അല്‍ അബ്ദൂലി പറഞ്ഞു.
ചില ഇമാറാത്തി ജീവനക്കാരുടെ ജോലി നഷ്ടപ്പെടുകയും പകരം പ്രവാസികളെ നിയമിക്കുകയും ചെയ്തത് സംബന്ധിച്ച് എഫ്.എന്‍.സി അംഗം ഖാലിദ് ബിന്‍ സായിദ് ആണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.