വീട്ടുവാടക: അബൂദബിയില്‍ മൂന്ന് ശതമാനം മുനിസിപ്പല്‍ ഫീസ് നല്‍കണം
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റില്‍ വീടുകള്‍ വാടകക്ക് എടുക്കുന്ന പ്രവാസികള്‍ ഇനി മുതല്‍ മുനിസിപ്പല്‍ ഫീസും നല്‍കണം.
450 ദിര്‍ഹമോ വാര്‍ഷിക വാടകയുടെ മൂന്ന് ശതമാനമോ ആണ് മുനിസിപ്പല്‍ ഫീസ് ആയി നല്‍കേണ്ടത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അബൂദബി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന ചുമതല ഉപയോഗിച്ചാണ് തലസ്ഥാന എമിറേറ്റിലെ വാടക കരാറുകളുടെ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ മാറ്റിയത്. മുനിസിപ്പാലിറ്റി ഫീസ് തവ്തീഖിനും വാടക കരാറുകളുടെ രജിസ്ട്രേഷന്‍ ചെലവുകള്‍ക്കുമായാണ് ഉപയോഗിക്കുക. അതേസമയം, സ്വദേശികളെ പുതിയ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഒരു വര്‍ഷത്തെ വാടകയുടെ മൂന്ന് ശതമാനം വരുന്ന മുനിസിപ്പല്‍ ഫീസ് നേരിട്ട് ഒറ്റയടിക്ക് ഈടാക്കില്ല. ജല- വൈദ്യുതി ബില്ലുകളിലൂടെ ഓരോ മാസവും അബൂദബി ജല- വൈദ്യുത അതോറിറ്റിയാണ് തുക ഈടാക്കുക. സമീപകാലത്താണ് ഈ ഫീസ് ഈടാക്കുന്നത് ആരംഭിച്ചതെന്നും വാടകയുടെ മൂന്ന് ശതമാനമാണ് സര്‍ക്കാറിന് ലഭിക്കുകയെന്നും മുനിസിപ്പല്‍കാര്യ- ഗതാഗത വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നതിന് ഓരോ മാസവും ഈടാക്കുന്ന രീതിയിലാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുനിസിപ്പല്‍കാര്യ- ഗതാഗത വിഭാഗം ലാന്‍റ് ആന്‍റ് പ്രോപ്പര്‍ട്ടി മാനേജ്മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ ബ്ളൂഷി പറഞ്ഞു.
ദുബൈയിലെ മാതൃകയിലാണ് അബൂദബിയിലും പുതിയ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബൈയില്‍ അഞ്ച് ശതമാനം നികുതിയാണ് ഓരോ മാസവും ദുബൈ ജല- വൈദ്യുതി അതോറിറ്റി ഈടാക്കുന്നത്. കെട്ടിടം ഉടമ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 100 ദിര്‍ഹവും പുതുക്കുന്നതിന് 50 ദിര്‍ഹവും വാടകക്കാരന്‍െറ ആവശ്യപ്രകാരം വാടക കരാര്‍ പുതുക്കുന്നതിന് 100 ദിര്‍ഹവും പ്രോപ്പര്‍ട്ടി ഡാറ്റ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉടമ 1000 ദിര്‍ഹവും ഫീസ് നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.