ഈ ചിത്രങ്ങള്‍ക്ക് കാപ്പി മണം
text_fieldsഅബൂദബി: മലപ്പുറം തിരൂര്‍ വൈലത്തൂര്‍ സ്വദേശി സതീഷിന്‍െറ ചിത്രങ്ങള്‍ കാണുമ്പോള്‍ സാധാരണ ഛായാചിത്രങ്ങള്‍ ആണെന്നേ തോന്നൂ. ഒരൊറ്റ നിറത്തിന്‍െറ വൈവിധ്യത്തില്‍ തീര്‍ത്ത മനോഹര ചിത്രങ്ങളായാണ് ആദ്യ കാഴ്ചയില്‍ അനുഭവപ്പെടുക. എന്നാല്‍, ചിത്രത്തിന്‍െറ അടുത്തേക്ക് ചെല്ലുമ്പോള്‍ കാപ്പിയുടെ മണം അനുഭവപ്പെടും. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്, ശൈഖ് ഖലീഫ, യേശുദാസ്, കെ.എസ് ചിത്ര തുടങ്ങിയവരുടെ ഛായാചിത്രങ്ങളാണ് കാപ്പി മണത്താല്‍ നിറച്ച് സതീഷ് വരച്ചിരിക്കുന്നത്. ഇതോടൊപ്പം ശൈഖ് സായിദ് പള്ളിയും കുതിരയുടെ ചിത്രവും എല്ലാം കാപ്പി നിറത്തില്‍ ഒരുക്കിയിട്ടുണ്ട്. വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ചിത്രകലാ ലോകത്ത് വേറിട്ട രീതിയുമായി മൂന്ന് മാസം മുമ്പാണ് സതീഷ് രംഗത്തത്തെിയത്. ചിത്രകലാ രംഗത്ത് മലയാളികള്‍ അധികം പരീക്ഷിക്കാത്ത കാപ്പിപ്പൊടി മാധ്യമമായി ഉപയോഗിച്ച് ചിത്രങ്ങള്‍ വരക്കുകയായിരുന്നു.
ചെറുപ്പം മുതല്‍ ചിത്രകലാ രംഗത്തുള്ള താന്‍ മൂന്ന് മാസം മുമ്പ് വരെ അക്രീലിക്, പെന്‍സില്‍ ഡ്രോയിങ്, ഡോട്ട് എന്നീ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് വരച്ചിരുന്നതെന്ന് സതീഷ് കാവിലകത്ത് പറഞ്ഞു. മൂത്ത സഹോദരനായ രാജനാണ് ചിത്രം വരക്കാന്‍ പ്രോത്സാഹിപ്പിച്ചത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ പഠന കാലത്ത് അധ്യാപകനായിരുന്ന കരീം സാറും ഏറെ പ്രോത്സാഹിപ്പിച്ചു. നാല് വര്‍ഷത്തോളം മുമ്പ് പ്രവാസ ലോകത്ത് എത്തിയതോടെയാണ് ചിത്രരചനയില്‍ ഏറെ സജീവമായത്. ക്വാളിറ്റി കണ്‍ട്രോളറായാണ് ജോലി ചെയ്യുന്നത്.
പുതിയ മാധ്യമങ്ങള്‍ ഉപയോഗിച്ച് ചിത്രം വരക്കാനുള്ളശ്രമത്തിന്‍െറ ഭാഗമായുള്ള പരിശോധനയില്‍ ഇന്‍റര്‍നെറ്റില്‍ നിന്നാണ് കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ചിത്രരചനയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. യൂറോപ്പിലും മറ്റും കാപ്പിപ്പൊടി ഉപയോഗിച്ച് ചിത്രരചന നടത്തുന്നത് ഇന്‍റര്‍നെറ്റിലൂടെ കണ്ടുമനസ്സിലാക്കിയാണ് താനും ഈ പരീക്ഷണം ആരംഭിച്ചതെന്ന് ഈ 30 കാരന്‍ പറയുന്നു. പെയിന്‍റും വെള്ളവും ഉപയോഗിക്കുന്നത് പോലെയാണ് കാപ്പിയും. കടുത്ത നിറം ആവശ്യം വരുമ്പോള്‍ കാപ്പിപ്പൊടിയും വെള്ളവുമായി കലര്‍ത്തുമ്പോള്‍ ജലത്തിന്‍െറ അളവ് കുറക്കും. ഷേഡുകള്‍ക്കും മറ്റും ഉപയോഗിക്കുന്നതിന് ഇളം നിറം ഉപയോഗിക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ വെള്ളത്തില്‍ കാപ്പിപ്പൊടി കലര്‍ത്തുകയാണ് ചെയ്യുക. ചിത്രരചനക്ക് ഒരേ സമയം കാപ്പിപ്പൊടി ഗുണകരവും ദോഷവും ചെയ്യുന്നുണ്ട്. ഒരു നിറം മാത്രമാണ് കാപ്പിപ്പൊടി മാധ്യമമായി ഉപയോഗിക്കുമ്പോള്‍ ലഭിക്കുക. കാപ്പിയുടെ നിറത്തിന്‍െറ വിവിധ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി ചിത്രം വരക്കുകയാണ് ചെയ്യുന്നത്. പ്രകൃതി ദൃശ്യങ്ങള്‍ വരക്കുമ്പോള്‍ ഒരൊറ്റ നിറത്തിന്‍െറ വൈവിധ്യങ്ങള്‍ മാത്രം ലഭിക്കുന്നതിനാല്‍ പ്രയാസമുണ്ടാകും. മറ്റ് മാധ്യമങ്ങളേക്കാള്‍ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ ഉണങ്ങാന്‍ സമയമെടുക്കും.
അതേസമയം, സാമ്പത്തികമായി കാപ്പിപ്പൊടി മാധ്യമമായി ഉപയോഗിക്കുന്നത് ഏറെ ലാഭകരമാണ്. എട്ടര ദിര്‍ഹത്തിന്‍െറ കാപ്പിപ്പൊടി പാക്കറ്റ് ഉപയോഗിച്ച് 20ഓളം ചിത്രങ്ങള്‍ വരക്കാന്‍ സാധിക്കും. അതേസമയം, 35 ദിര്‍ഹത്തോളം വരുന്ന പെയിന്‍റ് ഉപയോഗിച്ച് ഇത്രയും അധികം ചിത്രങ്ങള്‍ വരക്കാന്‍ സാധിക്കില്ല. കാപ്പിപ്പൊടി ഉപയോഗിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനൊപ്പം ഈ മാധ്യമം കൂടുയല്‍ വ്യാപകമാക്കുന്നതിനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
