ഇന്ധനം നിറക്കാന്‍ സ്മാര്‍ട്ട് സംവിധാനം ഇന്നുമുതല്‍ വ്യക്തികള്‍ക്കും
text_fieldsദുബൈ: ദുബൈയില്‍ വാഹനത്തില്‍ ഇന്ധനം നിറക്കുന്ന പ്രീപെയ്ഡ് സംവിധാനമായ വി.ഐ.പി സൗകര്യം തിങ്കളാഴ്ച മുതല്‍ വ്യക്തികള്‍ക്കും ലഭ്യമാകും.
കമ്പനികളുടെ പേരിലുള്ള വാഹനങ്ങള്‍ക്ക് രണ്ടുവര്‍ഷമായി ഈ സംവിധാനം നിലവിലുണ്ട്. ഇനോക് പമ്പുകളിലാണ് ഈ സൗകര്യം ലഭിക്കുക. വി.ഐ.പി അഥവാ വെഹിക്കിള്‍ ഐഡന്‍റിഫിക്കേഷന്‍ പാസ് ഘടിപ്പിച്ച വാഹനങ്ങള്‍ ഇനോക് പമ്പിലത്തെിയാല്‍ ഇന്ധനം നിറക്കുന്ന നോസില്‍ ടാങ്കിലേക്ക് ഇട്ടാല്‍ മാത്രം മതി. ബാക്കിയെല്ലാം ഓട്ടോമാറ്റിക്കായി പമ്പിലെ യന്ത്രം ചെയ്തുകൊള്ളും. അക്കൗണ്ട് ഉടമ നേരത്തെ നിശ്ചയിച്ച പ്രകാരം എത്ര ലിറ്റര്‍ പെട്രോള്‍ അടിക്കണമെന്ന് യന്ത്രം തിരിച്ചറിയും. മാത്രമല്ല പെട്രോളിന്‍െറ തുക അക്കൗണ്ടില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
ഇനോക്കിന്‍െറ 112 പമ്പുകളില്‍ ഇത്തരത്തില്‍ പെട്രോള്‍ നിറക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വാഹനത്തില്‍ ഘടിപ്പിച്ച റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ ടാഗ് ഉപയോഗിച്ചാണ് വാഹനത്തെ തിരിച്ചറിയുന്നത്. 250 ദിര്‍ഹം മുടക്കിയാല്‍ ടാഗ് ഘടിപ്പിക്കാം. www.vipselect.enoc.ae എന്ന വെബ്സൈറ്റ് വഴിയോ ഇനോകിന്‍െറ സ്റ്റേഷനിലോ ടാഗുകള്‍ റീചാര്‍ജ് ചെയ്യാം.
വ്യക്തികള്‍ക്ക് സ്വന്തം അക്കൗണ്ടില്‍ എത്രവാഹനങ്ങള്‍ക്ക് വേണമെങ്കിലും ഈ സൗകര്യം ഉപയോഗിക്കാം. പക്ഷെ, ഓരോ വാഹനത്തിനും പ്രത്യേകം ടാഗുകള്‍ വാങ്ങണം. ഇതിലെ ഇടപാടുകള്‍ ഇമെയില്‍, എസ്.എം.എസ് സംവിധാനങ്ങളിലൂടെ അക്കൗണ്ട് ഉടമയെ അറിയിക്കും.
ഈ സംവിധാനം ഉപയോഗിക്കുക വഴി ഓരോ വാഹനത്തിനും ശരാശരി മൂന്ന് മിനുട്ട് പെട്രോള്‍ പമ്പില്‍ ലാഭിക്കാമെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.