കുട്ടികളുടെ സമ്മര്‍ദം കുറക്കേണ്ടത് മാതാപിതാക്കള്‍- ഡോ. ഷീന ഷുക്കൂര്‍
text_fieldsദുബൈ: മക്കള്‍ക്ക് നല്ല ഭക്ഷണവും ബാഗും ഷൂസും പുസ്തകവും നല്‍കിയാല്‍ മാത്രം പോരെന്നും അവര്‍ക്ക് മാനസിക സമ്മര്‍ദമില്ലാതെ പഠിക്കാനുള്ള അവസരമൊരുക്കലും മാതാപിതാക്കളുടെ ബാധ്യതയാണെന്ന് എം.ജി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ പറഞ്ഞു. സ്കൂളില്‍ കുട്ടികള്‍ അക്കാദമികവും അല്ലാത്തതുമായ വിഷയങ്ങളില്‍ പലവിധ മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും നേരിടുന്നുണ്ടാകും. അത് രക്ഷിതാക്കള്‍ അറിയണം. അതിന് സ്കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ മക്കളോട് ചോദിച്ചറിയാന്‍ രക്ഷിതാക്കള്‍ താല്‍പര്യം കാട്ടണം. സമ്മര്‍ദം അയയാന്‍ കുട്ടികള്‍ക്ക് ഇതുമാത്രമേ വഴിയുള്ളൂവെന്നും എജുകഫെയില്‍ സംവദിക്കവെ അവര്‍ പറഞ്ഞു. മക്കളോട് സംസാരിക്കാന്‍ നമുക്കാവണം. അതുപോലെ സ്കൂളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും മാതാപിതാക്കളോട് പറയാന്‍ വിദ്യാര്‍ഥികളും തയാറാവണം.സ്കൂള്‍ പഠനകാലത്തെ മാനസിക സമ്മര്‍ദ്ദം ഉന്നതപഠനത്തെ ബാധിക്കുമെന്നും ഷീന ഷുക്കൂര്‍ പറഞ്ഞു.
പഠനത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വ്യക്തിത്വ വികസനത്തില്‍ ഏറെ ഗുണം ചെയ്യുമെന്ന് അവര്‍ അനുഭവത്തിന്‍െറ അടിസ്ഥാനത്തില്‍ പറഞ്ഞു. അമേരിക്കയില്‍ ഫുള്‍ബ്രൈറ്റ് ഫെല്ളോഷിപ്പിനുള്ള തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ കെ.ജി ക്ളാസ് മുതലുള്ള മുഴുവന്‍ പഠന,പാഠ്യേതര പ്രവര്‍ത്തനങ്ങളും വിലയിരുത്തും. കളിച്ചതും പാടിയതും നൃത്തം ചെയ്തതും പ്രസംഗിച്ചതുമെല്ലാം അവര്‍ കണക്കിലെടുക്കും. പഠിച്ച് മാത്രം മാര്‍ക്ക് നേടിയാല്‍ എല്ലാമായെന്ന് വിചാരിക്കുന്നത് ശരിയല്ല. സാമുഹികമായ ഇടപെടലുകളിലുടെ മാത്രമേ ജീവിതം പഠിക്കാനാകൂ. എന്‍.എസ്.എസിലും എന്‍.സി.സിയിലുമെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഏതു സാഹചര്യത്തെയൂം നേരിടാനുള്ള ധൈര്യം നിങ്ങള്‍ക്ക് തരും-ഡോ. ഷീന ഷുക്കുര്‍ കുട്ടികളെ ഉണര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.