‘കുടുംബാംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം കുറഞ്ഞത് കൗമാര പ്രശ്നങ്ങള്‍ക്ക് കാരണം’
text_fieldsദുബൈ: ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവോടെ കുടുംബാംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം കുറഞ്ഞത് കൗമാര പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി പ്രമുഖ ചൈല്‍ഡ് ആന്‍ഡ് അഡോളസന്‍റ് സൈക്യാട്രിസ്റ്റ് ഡോ.സി.ബി. ബിനു പറഞ്ഞു. എജുകഫെ വേദിയില്‍ വിദ്യാര്‍ഥികളും മാതാപിതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ വ്യാപകമായി ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിമകളായി മാറിയിരിക്കുന്നു. പലരും ഒഴിവുസമയങ്ങളില്‍ വിഡിയോ ഗെയിമുകളില്‍ മുഴുകുന്ന അവസ്ഥയാണിന്ന്. സാമൂഹികമായ യാതൊരു ഇടപഴകലും കുട്ടികള്‍ക്ക് ഉണ്ടാകുന്നില്ല. വ്യക്തികള്‍ തമ്മില്‍ നേരിട്ടുള്ള ആശയവിനിയമം നടക്കുന്നില്ല. വീടിനകത്ത് പിതാവ് ലാപ്ടോപ്പില്‍ ജോലിയില്‍ മുഴുകുമ്പോള്‍ മാതാവ് ടെലിവിഷന് മുന്നിലായിരിക്കും. കുട്ടികള്‍ വിഡിയോ ഗെയിമുകളുടെ ലോകത്തും. ഇതിനിടയില്‍ പരസ്പരം സംസാരിക്കാന്‍ പോലും അവര്‍ക്ക് അവസരം ലഭിക്കുന്നില്ല. അടുത്തിടെ കോഫി ഷോപ്പില്‍ പോയപ്പോഴും ഇതേ കാഴ്ചയാണ് ശ്രദ്ധയില്‍ പെട്ടത്.
കൗമാരകാലം കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്ന സമയമാണ്. വൈകാരികമായ നിരവധി പ്രശ്നങ്ങള്‍ ഈ ഘട്ടത്തില്‍ കുട്ടികള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവരോട് മനസ്സ് തുറന്ന് സംസാരിച്ചാല്‍ മാത്രമേ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം നിര്‍ദേശിക്കാനും സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളിലെ വിവിധ പഠന വൈകല്യങ്ങളെയും ചികിത്സയെയും കുറിച്ച് സൈക്കോളജിസ്റ്റ് സിന്‍ഡ്രല്ല രമിത്തും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.