‘സ്വപ്നങ്ങളിലേക്കുള്ള യാത്രയാണ് ജീവിതം’
text_fieldsദുബൈ: സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനേക്കാള്‍ പ്രധാനം അതിനായുള്ള യാത്രയും ശ്രമവുമാണ്. വിജയിക്കലല്ല പങ്കെടുക്കലാണ് പ്രധാനമെന്ന ഒളിമ്പിക് മുദ്രവാക്യം പോലെ സ്വപ്നം നേടിയെടുക്കാനുള്ള യാത്രയായിരിക്കണം ജീവിതം-മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. എജുകഫെയില്‍ ‘സ്വപ്നങ്ങളെ എങ്ങനെ കീഴടക്കാം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളില്‍ സ്വപ്നം കണ്ടതെല്ലാം സാക്ഷാത്കരിച്ചവര്‍ എത്രപേരുണ്ട് എന്നു ചോദിച്ചായിരുന്നു അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. നൂറു ശതമാനം സ്വപ്നവും വിജയമാക്കിയവരാരുമില്ല ഈ ലോകത്ത്. ജീവിതത്തില്‍ കാണുന്ന സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനായില്ളെങ്കിലും അതിലേക്കുള്ള യാത്രകള്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നല്‍കും. ചെറിയ ചെറിയ നേട്ടങ്ങളില്‍ നിര്‍ത്താതെ മുന്നോട്ടുപേകുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഇവയെല്ലാം ചേര്‍ന്ന് വലിയ നേട്ടമായിരിക്കുന്നു.
65ാം വയസ്സിലായിരിക്കും ചിലപ്പോള്‍ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനാവുക. വിജയത്തിലേക്കുള്ള വഴി റോസാപ്പൂ വിരിച്ചതായിരിക്കില്ല. കല്ലുംമുള്ളും നിറഞ്ഞതാണത്. പക്ഷെ ഇത് താണ്ടാന്‍ ശ്രമിക്കുമ്പോഴാണ് ജീവിതത്തിന്‍െറ സൗന്ദര്യം അനുഭവിക്കാനാവുക. ദു:ഖങ്ങള്‍ക്കും വേദനങ്ങള്‍ക്കുമിടയിലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളമുണ്ട്. ദു:ഖങ്ങളും ദുരിതങ്ങള്‍ കഷ്ടപ്പാടുകള്‍ സന്തോഷം എല്ലാം ചേര്‍ന്നുണ്ടാകുന്ന ഒരു രൂപമുണ്ട്. അതിന് വല്ലാത്ത സൗന്ദര്യമാണ്. അത് കാണുമ്പോള്‍ നമുക്ക് മനസ്സിലാകും തന്‍െറ ജീവിതം വ്യര്‍ഥമായില്ളെന്ന്. ജീവിതത്തില്‍ ഒരുപരിധി വരെയെങ്കിലൂം വിജയിക്കാനായിരിക്കുന്നു. അത് നല്‍കുന്ന ആഹ്ളാദം വളരെ വലുതാണ്.
നിങ്ങളുടെ ജീവിതം നിങ്ങള്‍ തന്നെ തെരഞ്ഞെടുക്കണമെന്നും മറ്റാര്‍ക്കും അതില്‍ റോളില്ളെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഉണര്‍ത്തി. നിങ്ങളുടെ മനസ്സിന്‍െറയും ഹൃദയത്തിന്‍െറയൂം താല്‍പര്യമാണ് പ്രധാനം. മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ സുഹൃത്തുക്കള്‍ക്കോ നിങ്ങളെ നിര്‍ബന്ധിക്കാനാവില്ല. ജീവിതത്തില്‍ എന്താകണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ജീവിതത്തിന് മുന്നോട്ടേ പോകാനാകൂ. പിന്നോട്ട് യാത്രയില്ല.
സാമ്പ്രദായിക കോഴ്സുകള്‍കൊണ്ടു മാത്രമല്ല വിജയം നേടാനാവുക. ഡോകട്റാകാണമെന്നും പാവങ്ങളെ സഹായിക്കണമെന്നും പറയുമ്പോള്‍ വലിയ ഒരു കമ്പനി തുടങ്ങുന്നതിനെക്കുറിച്ചും സ്വപ്നം കാണാം. നിരവധി പേര്‍ക്ക് ജീവിതവും തൊഴിലും നല്‍കാന്‍ അതിലൂടെ സാധിക്കും. നല്ല ശാസത്രജ്ഞനായും സമൂഹത്തിന് ഗുണം ചെയ്യാനാകും-ഡോ.ഹനീഷ് ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
