സാങ്കേതിക വിദ്യക്ക് മുമ്പുള്ള ബാല്യവും ആസ്ത്മയും തന്നിലെ വായനക്കാരനെ വളര്‍ത്തി –തരൂര്‍
text_fieldsഅബൂദബി: സാങ്കേതിക വിദ്യ വളരുന്നതിന് മുമ്പുള്ള ബാല്യവും രോഗവുമാണ് തന്നിലെ വായനക്കാരനെ സൃഷ്ടിച്ചതെന്ന് എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമെന്‍റംഗവുമായ ശശി തരൂര്‍. ഇന്ത്യയില്‍ ടെലിവിഷനോ ഇന്‍റര്‍നെറ്റോ സ്മാര്‍ട്ട്ഫോണുകളോ ഇല്ലാത്ത കാലത്തായിരുന്നു താന്‍ വളര്‍ന്നുവന്നത്. ഇതോടെ വായനയുടെ ലോകത്തേക്കുള്ള പ്രവേശത്തിന് തടസ്സങ്ങളൊന്നും ഇല്ലാത്ത അവസ്ഥയായിരുന്നു. ബാല്യത്തില്‍ ആസ്ത്മ രോഗം പിടിപെട്ടതിനാല്‍ അന്നത്തെ പ്രധാന ആഘോഷമായിരുന്ന കളികളിലും പങ്കെടുക്കാന്‍ ആയില്ല. ഇതോടെ കുട്ടിക്കാലം മുതല്‍ തന്നെ പുസ്തകങ്ങള്‍ അടുത്ത കൂട്ടുകാരനായി മാറിയതായും അദ്ദേഹം പറഞ്ഞു. യു.എ.ഇ വായനാ വര്‍ഷത്തിന്‍െറ ഭാഗമായി ലുലു ഗ്രൂപ്പും ഡി.സി. ബുക്സും ചേര്‍ന്ന് മദീന സായിദ് ലുലു മാളില്‍ സംഘടിപ്പിച്ച പുസ്തക മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രഭാഷണം നടത്തുകയുമായിരുന്നു അദ്ദേഹം.
ടി.വി.യെയും സിനിമയെയും അപേക്ഷിച്ച് വായന ജനങ്ങളിലേക്ക് കൂടുതല്‍ ആഴ്ന്നിറങ്ങും. ടി.വിയും സിനിമയും കാണുമ്പോള്‍ ചിത്രീകരിച്ചതിലൂടെ മാത്രമാണ് നാം മുന്നോട്ടുപോകുക. അതേസമയം, ഒരു പുസ്തകം വായിക്കുമ്പോള്‍ കഥയും കഥാപാത്രങ്ങളും എല്ലാം വായനക്കാരന്‍െറ സങ്കല്‍പത്തിന് അനുസരിച്ച് ആവിഷ്കരിക്കാന്‍ സാധിക്കും. ക്ളാസ് മുറികള്‍ക്ക് പുറത്തെ വിജ്ഞാനം നേടുന്നതിന് ഏറ്റവും നല്ലത് വായനയാണ്. വായനയിലൂടെ വിജ്ഞാനം, അറിവ്, സന്തോഷം, ആഹ്ളാദം തുടങ്ങിയവയെല്ലാം ലഭിക്കുന്നതായും ശശി തരൂര്‍ പറഞ്ഞു. കുട്ടികളുടേതടക്കം ചോദ്യങ്ങള്‍ക്ക് ശശി തരൂര്‍ മറുപടി പറയുകയും ചെയ്തു. എഴുത്തുകാരന്‍, പ്രഭാഷകന്‍, വായനക്കാരന്‍ തുടങ്ങിയ നിലകളില്‍ ഏറ്റവും ആസ്വദിക്കുന്നത് ഏതാണെന്നായിരുന്നു നാലാം ക്ളാസ് വിദ്യാര്‍ഥിനിയുടെ ചോദ്യം. ഒരു കുട്ടി നൃത്തവും സിനിമയും ഒരു പോലെ ഇഷ്ടപ്പെടുന്നത് പോലെ തന്നെയാണ് താന്‍ ഈ മൂന്ന് രംഗങ്ങളിലും ജീവിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. എഴുത്തുകാരനും പ്രഭാഷകനും രാഷ്ട്രീയക്കാരനും ആകുമ്പോള്‍ തന്നെ ശശി തരൂര്‍ എന്ന വ്യക്തിയായാണ് താന്‍ നിലകൊള്ളുന്നത്. ഇഷ്ടപ്പെട്ട പുസ്തകം സംബന്ധിച്ച ചോദ്യത്തിന് നൂറുകണക്കിന് പുസ്തകങ്ങള്‍ ഇഷ്ടമാണെന്നായിരുന്നു മറുപടി. അറബ് മേഖലയില്‍ ഇന്ത്യന്‍ സിനിമകള്‍ വളരെയധികം സ്വീകരിക്കപ്പെടുന്നുണ്ട്. അതേസമയം, ഇന്ത്യന്‍- അറബ് സാഹിത്യത്തിന്‍െറ കൈമാറ്റം കാര്യമായ നടന്നിട്ടില്ല. ഭാഷയായിരിക്കും ഒരു കാരണം. അറബ് പുസ്തകങ്ങള്‍ ഇന്ത്യന്‍ ഭാഷകളിലേക്കും ഇന്ത്യന്‍ സാഹിത്യം അറബിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫിസര്‍ നന്ദകുമാര്‍ ശശി തരൂരിനെ പരിചയപ്പെടുത്തി. റീജിയണല്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ഏപ്രില്‍ 16 വരെ മദീന സായിദിലെ ലുലു മാളിലാണ് പുസ്തക മേള നടക്കുക. വ്യാഴാഴ്ച രാത്രി എട്ടിന് ‘നടവഴിയിലെ നേരുകള്‍’ എന്ന ആദ്യ നോവലിലൂടെ ശ്രദ്ധേയയായ ഷെമി പുസ്തകമേളയില്‍ സംബന്ധിക്കും. എട്ടിന് വൈകുന്നേരം ഏഴിന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പ്രഭാഷണം നടത്തും.
ഓക്സ്ഫോഡ് പ്രഭാഷണം പുസ്തകമാകുന്നു
അബൂദബി: മുന്‍ കേന്ദ്ര മന്ത്രിയും എഴുത്തുകാരനുമായ ശശി തരൂര്‍ ബ്രിട്ടനിലെ ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം വിപുലീകരിച്ച് പുസ്തകമാകുന്നു. ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയില്‍ നടത്തിയ കൊള്ളയും നഷ്ടങ്ങളും എല്ലാം വിവരിച്ച് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയില്‍ നടത്തിയ 200 വര്‍ഷത്തെ ഭരണത്തിലൂടെ രാജ്യത്തെ നശിപ്പിച്ചതിന്‍െറ കണക്കുകള്‍ ഉദ്ധരിച്ച് നടത്തിയ പ്രഭാഷണം മാധ്യമങ്ങളിലൂടെയും യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഇന്ത്യയില്‍ ആരംഭിക്കുമ്പോള്‍ ലോക സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്കാളിത്തം 23 ശതമാനമായിരുന്നു. 200 വര്‍ഷത്തിന് ശേഷം ബ്രിട്ടീഷുകാര്‍ രാജ്യം വിടുമ്പോള്‍ ഇത് നാല് ശതമാനമായി കുറഞ്ഞു. ഓക്സ്ഫോഡിലെ പ്രഭാഷണം വിപുലീകരിച്ച് പുസ്തകം എഴുതാനുള്ള തയാറെടുപ്പിലാണെന്ന് ശശി തരൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുസ്തകത്തിന്‍െറ രചന ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാര്‍ തുടരാനുള്ള സാധ്യതയാണുള്ളത്. വന്‍കിട- ചെറുകിട വികസന പ്രവര്‍ത്തനങ്ങളെല്ലാം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ചില വിവാദങ്ങളുണ്ടായിട്ടുണ്ടെങ്കിലും സര്‍ക്കാറിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ശ്രീശാന്തിന്‍െറ സ്ഥാനാര്‍ഥിത്വം കാര്യമായ ചലനമൊന്നും ഉണ്ടാക്കില്ളെന്ന് ക്രിക്കറ്റ് പ്രേമി കൂടിയായ ശശി തരൂര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.