ഫെഡറല്‍ റോഡുകളിലെ തെരുവുവിളക്കുകള്‍ എല്‍.ഇ.ഡി ആക്കുന്നു
text_fieldsദുബൈ: ഫെഡറല്‍ റോഡ് ശൃംഖലയിലെ പരമ്പരാഗത തെരുവ് വിളക്കുകള്‍ മാറ്റി ആധുനിക എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നു. വൈദ്യുതി ലാഭിക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. ഫെഡറല്‍ ശൃംഖലക്ക് കീഴില്‍ 710 കിലോമീറ്റര്‍ റോഡാണ് രാജ്യത്തുള്ളത്.
പരമ്പരാഗത വിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 50 ശതമാനത്തോളം ലാഭിക്കാന്‍ കഴിയും. അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിലും കുറവുണ്ടാകും. സാധാരണ വിളക്കുകളേക്കാള്‍ 10 വര്‍ഷം ഈടുനില്‍ക്കും. വലിപ്പം കുറവാണെന്ന് മാത്രമല്ല, പെട്ടെന്ന് പ്രവര്‍ത്തിപ്പിക്കാനും കഴിയും. രണ്ടുഘട്ടങ്ങളായാവും പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രാലയത്തിലെ റോഡ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അല്‍ ശിനാസി പറഞ്ഞു. 500 കിലോമീറ്റര്‍ ദൂരത്തില്‍ 26,300 എല്‍.ഇ.ഡി വിളക്കുകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. 46 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിവര്‍ഷം ഇതിന് ചെലവാകുക. രണ്ടാംഘട്ടത്തില്‍ 210 കിലോമീറ്റര്‍ ദൂരത്തില്‍ 4510 വിളക്കുകളും സ്ഥാപിക്കും. 12.3 മെഗാവാട്ട് വൈദ്യുതി ഇതിന് വേണ്ടിവരും. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.