ദുബൈ ഭരണാധികാരിയുടെ മകന്‍ ശൈഖ് റാശിദ് അന്തരിച്ചു
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ മൂത്ത മകന്‍ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ആല്‍ മക്തൂം അന്തരിച്ചു. 34 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അവിവാഹിതനാണ്.
ശനിയാഴ്ച രാവിലെയാണ് ശൈഖ് റാശിദിന്‍െറ മരണം ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടത്. സന്ധ്യയോടെ സഅബീല്‍ പള്ളിയില്‍ മയ്യിത്ത് നമസ്കാരത്തിനുശേഷം ബര്‍ദുബൈ അല്‍ ഫാഹിദിയിലെ ഉമ്മുഹുറൈര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ രാജ്യത്ത് മൂന്നുദിവസത്തെ ഒൗദ്യോഗിക ദു$ഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുമെന്നും എല്ലായിടത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യു.എ.ഇയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശൈഖ് റാശിദ് 2011ല്‍ ബ്രിട്ടനിലെ സാന്‍ഡ്ഹസ്റ്റ് മിലിറ്ററി അക്കാദമിയില്‍നിന്ന് ബിരുദം നേടി.
സാഹസിക കായികപ്രേമിയും, മികച്ച കുതിരയോട്ടക്കാരനും, ഫുട്ബാള്‍ കളിക്കാരനുമാണ്. 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ 120 കി.മീ കുതിരയോട്ടത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. ലോകത്തെ എല്ലാ പ്രമുഖ കുതിരയോട്ട മത്സരങ്ങളിലെയും സ്ഥിരസാന്നിധ്യമായ ശൈഖ് റാശിദ് ഒട്ടനവധി വിജയങ്ങള്‍ നേടിയിട്ടുണ്ട്. സഅബീല്‍ കുതിരാലയത്തിന്‍െറ മേധാവിയും 2008, 2009 വര്‍ഷം യു.എ.ഇ ദേശീയ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റുമായിരുന്നു.