ഷാര്‍ജയില്‍ ഇന്‍റര്‍സിറ്റി സര്‍വീസിനായി 10 ആഡംബര ബസുകള്‍ കൂടി
text_fieldsഷാര്‍ജ: ഇന്‍റര്‍സിറ്റി സര്‍വീസിനായി 10 ആഡംബര ബസുകള്‍ കൂടി രംഗത്തിറക്കുമെന്ന് ഷാര്‍ജ ആര്‍.ടി.എ അറിയിച്ചു. 39 ബസുകളാണ് ഇപ്പോള്‍ ഇന്‍റര്‍സിറ്റി സര്‍വീസ് നടത്തുന്നത്. 18 വോള്‍വോ ബസുകളും 21 മറ്റ് ബസുകളും. യാത്രക്കാരുടെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്താണ് കൂടുതല്‍ ബസുകള്‍ ഇറക്കാന്‍ തീരുമാനിച്ചതെന്ന് ഷാര്‍ജ ആര്‍.ടി.എ ഗതാഗത വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ജര്‍വാന്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍, ആധുനിക സീറ്റുകള്‍, കൂടുതല്‍ ലഗേജിനുള്ള സ്ഥലം, മികച്ച എയര്‍കണ്ടീഷന്‍ തുടങ്ങിയവ ഉള്ളതാണ് പുതിയ ബസുകള്‍. 45 യാത്രക്കാരെ കയറ്റാന്‍ ശേഷിയുണ്ട്. ഷാര്‍ജയില്‍ നിന്ന് 14 റൂട്ടുകളിലേക്ക് ബസുകള്‍ സര്‍വീസ് നടത്തിവരുന്നു. ദുബൈ, അബൂദബി, അല്‍ഐന്‍, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, ദൈദ്, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലേക്ക് ബസുകളുണ്ട്.
ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് 14 റൂട്ടുകളില്‍ സര്‍വീസുണ്ട്. ഈ വര്‍ഷം ആദ്യ ആറുമാസം 4.5 ദശലക്ഷം യാത്രക്കാര്‍ ഷാര്‍ജ ബസുകളില്‍ യാത്ര ചെയ്തു. തിരക്കുള്ള ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം 90,000 വരെ ആകാറുണ്ട്.
ഷാര്‍ജ- ദുബൈ റൂട്ടാണ് ഏറ്റവും തിരക്കേറിയത്.
ഷാര്‍ജ- ഖിസൈസ്- റാശിദിയ റൂട്ടിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കയറുന്നത്. അല്‍ ഖൂസ്, ജബല്‍ അലി, ദേര, അബുഹൈല്‍, യൂനിയന്‍, സബ്ക, സത്വ, ഗുബൈബ എന്നിവിടങ്ങളിലേക്കും ബസുകള്‍ സര്‍വീസ് നടത്തുന്നു. വിവിധ റൂട്ടുകളില്‍ 10 മുതല്‍ 45 മിനുട്ട് വരെ ഇടവേളയിലാണ് സര്‍വീസ്. വാരാന്ത്യങ്ങളിലും പൊതുഅവധി ദിനങ്ങളിലും തിരക്ക് പരിഗണിച്ച് സ്വകാര്യ കമ്പനികളില്‍ നിന്ന് ബസുകള്‍ വാടകക്കെടുത്ത് ഓടിക്കുന്നു.
ഷാര്‍ജ- ദുബൈ ബസിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.
അല്‍ ജുബൈല്‍, റോള, ഷാര്‍ജ വിമാനത്താവളം എന്നിവിടങ്ങളിലാണ് നിലവില്‍ ബസ് സ്റ്റേഷനുകളുള്ളത്. ദൂരമനുസരിച്ച് അഞ്ച് മുതല്‍ 30 ദിര്‍ഹം വരെയാണ് ചാര്‍ജ്. ഈ വര്‍ഷം നിരക്ക് വര്‍ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ളെന്നും അധികൃതര്‍ അറിയിച്ചു.