Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരക്തസാക്ഷികളുടെ...

രക്തസാക്ഷികളുടെ സ്മരണയില്‍

text_fields
bookmark_border

അബൂദബി: ധീര രക്തസാക്ഷികളുടെ സ്മരണകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ യമനില്‍ കൊല്ലപ്പെട്ട സൈനികരുടെ ഖബറടക്ക ചടങ്ങുകള്‍ വിവിധ എമിറേറ്റുകളില്‍ നടന്നു. ഓരോ സൈനികരുടെയും സ്വദേശ എമിറേറ്റുകളില്‍ നടന്ന മയ്യിത്ത് നമസ്കാരങ്ങളില്‍ ഭരണാധികാരികള്‍ പങ്കെടുത്തു. എല്ലായിടത്തും നൂറുകണക്കിന് പേരാണ് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനത്തെിയത്. 

അജ്മാന്‍ ജര്‍ഫിലെ ശൈഖ് സായിദ് മസ്ജിദില്‍ നടന്ന അബ്ദുല്ല അലി ഹസന്‍ അല്‍ ഹമ്മാദി, നിസാര്‍ മുഹമ്മദ് അല്‍ അത്റാശ് എന്നിവരുടെ മയ്യിത്ത് നമസ്കാരത്തില്‍ യു.എ.ഇ സുപ്രീംകൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമി, കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് ആല്‍ നുഐമി എന്നിവര്‍ പങ്കെടുത്തു. ഫുജൈറ ആംഡ് ഫോഴ്സസ് പള്ളിയില്‍ നടന്ന എട്ട് സൈനികരുടെ മയ്യിത്ത് നമസ്കാരത്തില്‍ ഫുജൈറ കീരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ ശര്‍ഖി പങ്കെടുത്തു. ഉമ്മുല്‍ഖുവൈന്‍ ശൈഖ് അഹ്മദ് ബിന്‍ റാശിദ് മോസ്കില്‍ നടന്ന സഈദ് ഉബൈദ് ബിന്‍ ഫാദില്‍ അല്‍ അലിയുടെ മയ്യിത്ത് നമസ്കാരത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല പങ്കെടുത്തു. 
അല്‍ഐനില്‍ നിന്നുള്ള രക്തസാക്ഷികളായ ഉമര്‍ ബിന്‍ റാശിദ് അല്‍ മഗ്ലബി, ലഫ്. അബ്ദുല്ല ഖലീഫ മതാര്‍ അല്‍ നുഐമി, സഅദ് മുഹമ്മദ് അല്‍ ഹബ്ബാബി എന്നിവരുടെ മയ്യിത്ത് നമസ്കാരം മജ്ലിസ് ഉമ്മുഗാഫക്ക് സമീപത്തെ ശൈഖ് സായിദ് പള്ളിയില്‍ നടന്നു. അബൂദബി ബനിയാസ് ഖബര്‍സ്ഥാനില്‍ രണ്ടുപേരുടെ ഖബറടക്കം നടന്നു. ദുബൈക്കാരനായ സൈഫ് അല്‍ മന്‍സൂരിയുടെ ഖബറടക്കം ശനിയാഴ്ച ഉച്ചക്കായിരുന്നു. ഷാര്‍ജയില്‍ രണ്ടുപേരുടെ മയ്യിത്ത് നമസ്കാരം നടന്നു. 11 പേരെ റാസല്‍ഖൈമയിലെ ഖബര്‍സ്ഥാനുകള്‍ ഏറ്റുവാങ്ങി. റാസല്‍ഖൈമയിലെ അല്‍റംസ്, അല്‍ മ്യാരീദ്, ദിഗ്ദഗ, ഷാം തുടങ്ങിയിടങ്ങളില്‍ നിന്ന് സൈനിക സേവനത്തിലേര്‍പ്പെട്ടിരുന്ന മുഹമ്മദ് സഊദ്, മുഹമ്മദ് ഹസന്‍ അല്‍ ഖാതിരി, അഹമ്മദ് മുഹമ്മദ് അലി ഷെഹി, അലി ഹസന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഷഹി, അബ്ദുല്ല ഉമര്‍ മുബാറക് സാലം അല്‍ ജാബിരി, ഉബൈദ് സഈദ് ഖലീഫ അല്‍ ശംസി, റാഷിദ് സഈദ് റാഷിദ് ഹമീസ് അല്‍ ഹഫ്സി, അലി ഹസന്‍ അലി അബ്ബാസ് അല്‍ ബലൂഷി, റാഷിദ് മുഹമ്മദ് മത്താര്‍ അല്‍ മുസാഫിരി അല്‍ ഖാതിരി, ആദില്‍ സാലിഹ് അബ്ദുല്ല അല്‍ ഷഹി, അല്‍ ഷത്തി സഈദ് അബ്ദുല്ല അല്‍ സായിദ്, യൂസുഫ് അബ്ദുല്ല അയീസ് അബ്ദുല്ല അല്‍ അലി  തുടങ്ങിയവരുടെ മൃതദേഹങ്ങള്‍ അവരുടെ താമസ കേന്ദ്രങ്ങള്‍ക്കടുത്ത ഖബര്‍സ്ഥാനുകളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്. ചടങ്ങുകള്‍ക്ക് ഭരണാധികാരികളും ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.
യു.എ.ഇ സൈനികരുടെ വേര്‍പാടില്‍ റാസല്‍ഖൈമയിലെ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, കേരള സമാജം, ഇന്ത്യന്‍ കമ്യൂണിറ്റി ഫോറം, കെ.എം.സി.സി, പ്രവാസി ഇന്ത്യ എന്നീ സംഘടനകളും അനുശോചിച്ചു. 
 
Show Full Article
Next Story