Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2015 2:30 PM IST Updated On
date_range 27 Oct 2015 2:30 PM ISTവര്‍ക്ക് പെര്‍മിറ്റും കരാറും പുതുക്കല്‍ ജീവനക്കാരന്‍െറ ഒപ്പോട് കൂടി മാത്രം
text_fieldsbookmark_border
അബൂദബി: രാജ്യത്ത് വര്‍ക്ക് പെര്‍മിറ്റും (ലേബര്‍ കാര്‍ഡ്) തൊഴില്‍ കരാറും പുതുക്കുന്നതിന് അടുത്ത വര്‍ഷം ആദ്യം മുതല്‍ പുതിയ സംവിധാനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. തൊഴിലാളിക്കും ജീവനക്കാരനും കൂടുതല്‍ അധികാരം ലഭിക്കുന്ന രീതിയിലാണ് മാറ്റങ്ങള്‍ പ്രാബല്യത്തിലാകുന്നത്. തൊഴില്‍ മന്ത്രാലയത്തിന്‍െറ നേതൃത്വത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത്. വര്‍ക്ക് പെര്‍മിറ്റും തൊഴില്‍ കരാറും പുതുക്കി ലഭിക്കുന്നതിന് 2016 ആദ്യം മുതല്‍ തൊഴിലാളിയുടെ / ജീവനക്കാരന്‍െറ ഒപ്പ് നിര്‍ബന്ധമാണ്. പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനും കാലാവധി കഴിഞ്ഞ തൊഴില്‍ കരാറുകള്‍ പുതുക്കുന്നതിനും ജീവനക്കാരന്‍െറ ഒപ്പ് നിര്‍ബന്ധമാക്കുകയാണ് ചെയ്യുന്നതെന്ന് തൊഴില്‍കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി പറഞ്ഞു. പുതിയ സംവിധാന പ്രകാരം കരാര്‍ പുതുക്കുന്നത് അംഗീകരിക്കുന്നതിന് തൊഴിലാളിക്ക് അവകാശം ലഭിക്കും. കരാറില്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിന് ആവശ്യപ്പെടാനും ജീവനക്കാരന് സാധിക്കും.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അനുമതിയോടെ പുതിയ അവകാശങ്ങള്‍ നല്‍കുന്നതിന് സാധിക്കും. ഇത് തൊഴിലാളി- തൊഴിലുടമ ബന്ധം കൂടുതല്‍ ഊഷ്മളമാക്കും. കരാര്‍ ഒഴിവാക്കുന്നതിനും മറ്റ് ജോലികള്‍ തേടുന്നതിനും മാതൃ രാജ്യത്തേക്ക് മടങ്ങിപ്പോകുന്നതിനും പുതിയ സംവിധാനത്തിലൂടെ തൊഴിലാളിക്ക് അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുടമകള്‍ തൊഴില്‍ കരാറില്‍ ഉള്‍ക്കൊള്ളിക്കുന്ന നീതീകരിക്കാനാകാത്ത വ്യവസ്ഥകള്‍ മൂലമുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം സഹായകമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവില്‍ തൊഴിലാളികള്‍ക്ക് നല്‍കാതെയാണ് പല തൊഴിലുടമകളും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള കരാറുകള്‍ അധികൃതര്‍ക്ക് നല്‍കുന്നത്.
സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരെ ജോലിക്കെടുക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പഠനം നടത്തിയിരുന്നതായി ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി പറഞ്ഞു. ഇതുപ്രകാരം തൊഴിലാളികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഭാഷയില്‍ തൊഴില്‍ കരാറും വ്യവസ്ഥകളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്വന്തം ഭാഷയില്‍ കരാര്‍ വ്യവസ്ഥകള്‍ വായിച്ചതിന് ശേഷം മാത്രം തൊഴിലാളികള്‍ കരാറില്‍ ഒപ്പിട്ടാല്‍ മതിയാകും.
തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ സുതാര്യതയുടെ അടിസ്ഥാനത്തില്‍ ഗുണപരവും മികച്ചതുമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിനും തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനുമാണ് തൊഴില്‍ മന്ത്രാലയം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നതെന്ന് മന്ത്രി സഖര്‍ ഗൊബാഷ് സഈദ് ഗൊബാഷ് പറഞ്ഞു.
തൊഴിലുടമകളും ജീവനക്കാരും തമ്മിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനു തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്. തൊഴിലാളികള്‍ക്ക് നല്കുന്ന ജോലി, ശമ്പളം ഉറപ്പാക്കല്‍, ഇടവേളകള്‍ ഉറപ്പാക്കല്‍, അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കല്‍ അടക്കം കാര്യങ്ങളാണ് പ്രാബല്യത്തില്‍ വരുത്തുന്നത്. പുതിയ വ്യവസ്ഥകള്‍ തൊഴിലാളിയും തൊഴിലുടമയും തമ്മിലെ ബന്ധം സൂക്ഷ്മമായി വ്യക്തമാക്കുന്നതാണ്. സ്വന്തം നാട്ടില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് തന്നെ പുതിയ ഏകീകൃത തൊഴില്‍ കരാറിലൂടെ തന്‍െറ അവസരം വിലയിരുത്താന്‍ ജീവനക്കാരന് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story