സ്കൂള്‍ ബസില്‍ മരിച്ച മലയാളി ബാലികയുടെ കുടുംബത്തിന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
text_fieldsഅബൂദബി: സ്കൂള്‍ ബസില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ച മലയാളി ബാലിക നിസ ആലയുടെ കുടുംബത്തിന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ പരമോന്നത കോടതി വിധിച്ചു. സ്കൂള്‍ മാനേജ്മെന്‍റ്, പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ബസ് സൂപര്‍വൈസര്‍ എന്നിവര്‍ ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
2014 ഒക്ടോബര്‍ ഏഴിനാണ് അബൂദബി അല്‍ വുറൂദ് അക്കാദമിയിലെ കെ.ജി വണ്‍ വിദ്യാര്‍ഥിനി നിസ ആല സ്കൂള്‍ ബസില്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചത്. അഡ്കോയില്‍ അക്കൗണ്ടന്‍റായ മടിക്കേരി നസീര്‍ അഹമ്മദിന്‍െറയും കണ്ണൂര്‍ പഴയങ്ങാടി നബീലയുടെയും രണ്ടാമത്തെ മകളാണ് നിസ. ഖാലിദിയയിലെ വീട്ടില്‍നിന്ന് സ്കൂളിലേക്കുള്ള യാത്രയില്‍ നാലുവയസ്സുകാരി നിസ ബസിലിരുന്ന് ഉറങ്ങുകയായിരുന്നു. പിന്‍നിരയിലെ സീറ്റിലായിരുന്ന നിസയെ ശ്രദ്ധിക്കാതെ ഡ്രൈവറും അറ്റന്‍ഡറും ബസ് പൂട്ടിപോയി. ഉച്ചക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ വന്നപ്പോഴാണ് നിസയുടെ മൃതദേഹം കണ്ടത്. കടുത്ത ചൂടില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.
പാകിസ്താനിയായ ഡ്രൈവര്‍, ലബനാന്‍ സ്വദേശി സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, ഫിലിപ്പീനിയായ ബസ് അറ്റന്‍ഡര്‍ എന്നിവര്‍ക്ക് പ്രാഥമിക കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഗതാഗത കമ്പനി ഉടമക്ക് ആറുമാസം തടവും വിധിച്ചു. സ്കൂള്‍ അടച്ചുപൂട്ടണമെന്നും പ്രതികളും സ്കൂള്‍ അധികൃതരും വന്‍തുക പിഴയൊടുക്കണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മാനേജ്മെന്‍റ് 50,000 ദിര്‍ഹം പിഴയടക്കാനും ലക്ഷം ദിര്‍ഹം കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവുണ്ടായി.
സ്കൂള്‍ പൂട്ടാനുള്ള ഉത്തരവ് റദ്ദാക്കിയെങ്കിലും അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ തുറക്കാന്‍ അനുവദിച്ചിട്ടില്ല. ഡ്രൈവറുടെ ശിക്ഷ ആറുമാസമായി കുറച്ചു. 20,000 ദിര്‍ഹം പിഴ അടക്കണം. സൂപ്പര്‍വൈസറുടെ പിഴ ഒരുവര്‍ഷമാക്കുകയും 20,000 ദിര്‍ഹം പിഴയിടുകയും ചെയ്തു. ഇന്ത്യക്കാരനായ ഗതാഗത കമ്പനി ഉടമയുടെ ആറുമാസത്തെ തടവ് ശരിവെച്ചു. എന്നാല്‍, ശിക്ഷ കുറവാണെന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീല്‍ കോടതി വിധി പരമോന്നത കോടതി ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
